മാലിന്യമലയ്ക്ക് അന്ത്യമാകുന്നു? ബ്രഹ്മപുരത്തെ ‘തീതുപ്പുന്ന’ രാക്ഷസനെ ഇല്ലാതാക്കാൻ ‘ഭൂമി’– ഗ്രാഫിക്‌സ്
Mail This Article
വളരെ പണ്ട് കടമ്പ്രയാറിന്റെ തീരത്തുള്ള ഒരു കാടായിരുന്നത്രേ ബ്രഹ്മപുരം. അന്ന് അവിടെ ‘ബ്രഹ്മൻ’ എന്നു പേരുള്ള ഒരു രാക്ഷസനുണ്ടായിരുന്നു. ബ്രഹ്മൻ താമസിച്ചിരുന്ന സ്ഥലമായതുകൊണ്ടു ബ്രഹ്മപുരം എന്ന പേരു വന്നുവെന്നാണ് ഒരു കഥ. എന്നാല്‍ ബ്രഹ്മപുരത്ത് ഇന്നുള്ള രാക്ഷസന്റെ പേര് മാലിന്യം എന്നാണ്. ആ മാലിന്യരാക്ഷസൻ ഇടയ്ക്ക് തീ തുപ്പും, ജനത്തെ ശ്വാസംമുട്ടിക്കും... എവിടെനിന്നാണ് ബ്രഹ്മപുരത്ത് ഇത്രയേറെ മാലിന്യം വന്നു ചേർന്നത്? എങ്ങനെയാണ് ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം ജനത്തിന് ദുരിതമാകുന്നത്? കൊച്ചി കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരത്ത് ദിവസവും തള്ളുന്ന മാലിന്യത്തിൽ പകുതിയോളം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യമാണ്. ഇന്നത് ‘ലെഗസി വേസ്റ്റ്’ ആയി മാറിയിരിക്കുന്നു. വിവിധയിടങ്ങളിൽനിന്നു ശേഖരിക്കുന്ന മാലിന്യം ഒരേ സ്ഥലത്തുതന്നെ വർഷങ്ങളോളം കൂട്ടിയിടുമ്പോൾ രൂപപ്പെടുന്ന മാലിന്യക്കൂമ്പാരത്തെയാണ് ലെഗസി വേസ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഇത് ബയോ മൈനിങ് നടത്തി സംസ്കരിക്കാനുള്ള കരാർ കഴിഞ്ഞ ദിവസം കൊച്ചി കോർപറേഷൻ പുണെ ആസ്ഥാനമായുള്ള ഭൂമി ഗ്രീൻ എനർജി കമ്പനിക്കു നൽകാൻ തീരുമാനിച്ചിരുന്നു.