കാപ്പി കുടിച്ചുണ്ടാക്കാം മാസം ഒരു ലക്ഷം; ലഭിക്കും ദീർഘായുസ്സ്, സൗന്ദര്യം, വീര്യം... ‘കോഫി പ്രേമികൾ’ ഒരുമിക്കുന്നു ബെംഗളൂരുവിൽ
Mail This Article
വഴിയോരക്കടകളിൽ മുതൽ കോർപറേറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകളിൽ വരെ ഒഴിവാക്കാനാകാത്ത സാന്നിധ്യം. ചർമ സൗന്ദര്യം മുതൽ ദീർഘായുസ്സ് വരെ പ്രധാനം ചെയ്യുന്ന ദിവ്യ ഔഷധം. ശുദ്ധ ജലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്ന്. ഒരു കപ്പിന് 10 രൂപ മുതൽ ആയിരങ്ങൾ വരെ വിലയുള്ള സാക്ഷാൽ ‘കാപ്പി’യുടെ വിശേഷങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല. ലോകത്താകമാനം ദിനംപ്രതി 300 കോടി കപ്പ് കാപ്പി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് പല രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സുകളിലും കാപ്പിക്ക് ഒഴിച്ചുകൂടാനാകാത്ത സ്വാധീനമുണ്ട്. കാപ്പിയുടെ ഇത്തരം സാധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട്, കാപ്പിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിനായി ലോകരാജ്യങ്ങൾ കൈകോർക്കുന്ന അപൂർവ സന്ദർഭമാണ് ലോക കോഫി കോൺഫറൻസ്. ഏഷ്യയിലേക്ക് തന്നെ ആദ്യമായി എത്തുന്ന ഇത്തവണത്തെ ലോക കോഫി കോൺഫറൻസിന് വേദിയാകുകയാണ് നമ്മുടെ ബെംഗളൂരു. ഇന്ത്യയിൽ ആദ്യമായി കാപ്പി ഉൽപാദനം ആരംഭിച്ചതും രാജ്യത്തിന്റെ കാപ്പി തലസ്ഥാനവുമായ കർണാടക വളരെ ആവേശത്തോടെയാണ് അഞ്ചാമത് ലോക കോഫി കോൺഫറൻസിന് വേദിയൊരുക്കുന്നത്.