ചാനുവിന് എന്താണ് സംഭവിച്ചത്? വീണത് ഇന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിങ് പ്രതീക്ഷകൾ– ഫോട്ടോ ഫീച്ചർ
Mail This Article
ടോക്കിയോ ഒളിംപിക്സിൽ 2020ൽ മീരാബായ് ചാനുവിനു മേൽ പതിഞ്ഞ ‘വെള്ളി’വെളിച്ചം ചൈനയിൽ സ്വർണവർണമാകുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഇന്ത്യയുടെ കരുത്തുറ്റ താരത്തിന് ഷിയോഷെനിലെ വെയ്റ്റ്‌ലിഫ്റ്റിങ് വേദിയിൽ കാലിടറി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡലുറപ്പിച്ച താരമായിരുന്നു ചാനു. പക്ഷേ ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പിൽനിന്നു മാറിനിന്ന് ഏഷ്യൻ ഗെയിംസിനു വേണ്ടി പരിശീലിച്ചിട്ടു പോലും നിരാശയായിരുന്നു. വനിതകളുടെ 49 കിലോഗ്രാം മത്സരത്തിൽ, ആദ്യ റൗണ്ടായ സ്നാച്ചിൽ 86 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടതിനെത്തുടർന്ന് ചാനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ തന്റെ കരുത്തായ ക്ലീൻ ആൻഡ് ജെർക്കിൽ ചാനു തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. പക്ഷേ ആ പ്രതീക്ഷകളെല്ലാം വീഴ്ചയോടെ തകിടം മറിഞ്ഞു. ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിലെ ആദ്യ ശ്രമത്തിൽ 108 കിലോഗ്രാം ഉയർത്തിയ ചാനുവിന് തുടർന്ന് 117 കിലോഗ്രാം ഉയർത്തിയാൽ വെങ്കല മെഡൽ നേടാമായിരുന്നു. പക്ഷേ അതിലേക്കുള്ള രണ്ടു ശ്രമങ്ങളിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.