പൊന്നു വിളയും മണ്ണ്; എന്നിട്ടും നാടും വീടും ഉപേക്ഷിച്ചത് 6 കുടുംബം; എന്താണ് അരുവിക്കല്ലിൽ സംഭവിച്ചത്?
Mail This Article
വഴിതെറ്റി വനത്തിൽ അകപ്പെട്ട് പോകുന്നവർ ഒട്ടേറെയാണ്. എന്നാൽ, നാളുകൾ പോകെപ്പോകെ, ജീവിക്കുന്ന വീടും പരിസരവും കാടിനുള്ളിൽ ഒറ്റപ്പെട്ടാൽ എന്താകും അവസ്ഥ! ഇത് കഥയല്ല, ജീവിതമാണ്. കുറച്ചു നാളുകൾക്ക് മുൻപു വരെ എരുമേലി മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്തെ വനാതിർത്തിയോട് ചേർന്ന ഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ താമസമുണ്ടായിരുന്നു. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് അവിടെ അവശേഷിക്കുന്നത് ഒരേഒരു കുടുംബം മാത്രമാണ്. എഴുപ്ലാക്കൽ ബെന്നിക്കും കുടുംബത്തിനും കൂട്ടായി അയൽവാസികൾ ആരും തന്നെ ഇപ്പോഴില്ല. കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങൾ ചേക്കേറിത്തുടങ്ങിയതോടെ ഇവിടെയുണ്ടായിരുന്ന പലരുടെയും ഉപജീവനം അവതാളത്തിലായി. ഇതോടെയാണ് ഇവിടെ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. എന്നാൽ, കൃഷിയിടത്തിന്റെ അതിരുകളും പിന്നിട്ട് വീട്ടു പരിസരങ്ങളിലേക്കും വന്യമൃഗങ്ങൾ എത്തിത്തുടങ്ങിയതോടെ ഇവിടെ അവശേഷിച്ചിരുന്ന പലരും ഇവിടം വിടുകയായിരുന്നു. ആയുഷ്കാല സമ്പാദ്യങ്ങളായ വീടും പുരയിടവുമെല്ലാം ഉപേക്ഷിച്ചായിരുന്നു ഇവരുടെ മലയിറക്കം.