ഈ ആലപ്പുഴക്കാരൻ ഡൽഹിയിൽ എത്തിയാൽ ‘രാജാവ്’; ‘കേരള’ത്തോട് അത്രയേറെ ഇഷ്ടം
Mail This Article
അന്ന് ഒക്ടോബർ 31 രാത്രിയായിരുന്നു. കേരളം മുഴുവൻ ആഘോഷിക്കുകയാണ്. അതേസമയം ചുനക്കര സ്വദേശി കരുണാകരൻ നായർ തെല്ല് പരിഭ്രാന്തിയിലാണ്. ഭാര്യ കാമാക്ഷിയമ്മ ആശുപത്രിയിൽ ലേബർ റൂമിലാണ്. ഔദ്യോഗികമായി കേരളം രൂപീകൃതമാകുന്നതിന് അൽപം മുൻപ് കരുണാകരൻ നായരുടെ മുഖം തെളിഞ്ഞു. കാമാക്ഷിയമ്മ പ്രസവിച്ചു. കേരളപ്പിറവിക്കു തൊട്ടു മുൻപ്. ആ കുട്ടിയെ വേറെ എന്തു വിളിക്കും. അങ്ങനെ കേരളത്തിനൊപ്പം ചുനക്കരയിൽ കേരള കുമാരനും പിറന്നു. നാട്ടുകാർ കേരളത്തിന്റെ ചരിത്രം പറഞ്ഞു പഠിച്ചപ്പോൾ കേരള കുമാരനാകട്ടെ തന്റെ പേരിന്റെ ചരിത്രവും പറയേണ്ടി വന്നു. വളർന്നപ്പോൾ പേരൊന്നു ചുരുക്കി. നാട്ടുകാർ കേരളനെന്ന് വിളിച്ചു. ഡൽഹിയിലെത്തിയപ്പോൾ പേര് പിന്നെയും മാറി. കേരൾ കാ കുമാർ. അപരിചിതർക്ക് കേരള കുമാരനെന്ന പേര് കൗതുകമായി. ഈ പേരുണ്ടായ കഥ അവരോടെല്ലാം പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ കേരള കുമാരൻ പറയുന്നു. ‘വെറുമൊരു പേരല്ലിത്, ഒരു കേരള കുമാര ചരിത്രം’.