ബ്രാണ്ടിക്ക് പകരം നാടൻ കള്ള്, ‘എക്സലന്റെ’ന്ന് സായ്പ്; ഇന്ത്യയിലെ ആദ്യത്തെ കേക്ക് തലശ്ശേരി രുചിച്ചതിങ്ങനെ...
Mail This Article
ബ്രൗൺ സായ്പ് പറഞ്ഞു, ബ്രാണ്ടി ചേർത്തു കേക്കുണ്ടാക്കാൻ. മമ്പള്ളി ബാപ്പുവിനുണ്ടോ ബ്രാണ്ടി കിട്ടുന്നു? കയ്യിൽ കിട്ടിയ അസ്സൽ നാടൻ കള്ളു ചേർത്ത് മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ ഉണ്ടാക്കി അടിപൊളി കേക്ക്–നല്ല നാടൻ കള്ള് കേക്ക്. അതു കഴിച്ച് സായ്പ് പറഞ്ഞു, ‘എക്സലന്റ്’. അങ്ങനെ രാജ്യത്തെ ആദ്യ പ്ലം കേക്ക് 1883ലെ ക്രിസ്മസ് കാലത്ത് പിറന്നു. വിദേശികൾ നാടുവാണ കാലത്ത് മമ്പള്ളി ബാപ്പു വിദേശികളുടെ ഹൃദയത്തിൽ വാണു. തലശ്ശേരിയുടെ ഹൃദയഭാഗത്തായിരുന്നു മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറി. 1880ലാണ് ഫാക്ടറി തുടങ്ങിയത്. ടി.എച്ച്. ബാബർ, ആർതർ വെല്ലസ്ലി തുടങ്ങിയവരടക്കം പ്രശസ്‌തരായ ഉന്നത ബ്രിട്ടിഷ് ഉദ്യോഗസ്‌ഥർ താമസിച്ചിരുന്ന സ്‌ഥലമായിരുന്നു അന്ന് തലശ്ശേരി. അവരുടെ അടുക്കളകളിലുണ്ടായിരുന്നവരാകട്ടെ സ്വദേശികളും. അവരിൽനിന്നാണ് റൊട്ടിയും ബിസ്കറ്റുമുണ്ടാക്കാൻ ബാപ്പു പഠിക്കുന്നത്. തന്റെ രുചിപരീക്ഷണങ്ങൾ കൂടി ചേർത്തതോടെ ഫാക്ടറി വൻ വിജയമായി.