ലഹരി മാഫിയ തലയ്ക്കു വിലയിട്ട സോംബ്ര: കടുവകൾക്കും കാവൽ നിൽക്കുന്ന ‘കേരള ഡോഗ് സ്ക്വാഡ്’
Mail This Article
ഒരു ജർമൻ ഷെപ്പേഡ് നായയ്ക്ക് കൊളംബിയൻ ലഹരി മരുന്നു കാർട്ടൽ പ്രഖ്യാപിച്ച വില 51 ലക്ഷം രൂപയായിരുന്നു! കൊളംബിയയിലെ പൊലീസ് നായ സോംബ്രയായിരുന്നു തലയ്ക്ക് അരക്കോടിയിലധികം വില വന്ന ആ നായ. കൊളംബിയയിലെ തുറമുഖങ്ങളിൽ പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗം നടത്തിയ വേട്ടയിൽ സോംബ്ര മണത്തു പിടിച്ചത് 10 ടൺ കൊക്കെയ്നാണ്. ഇതിൽ വലിയൊരു പങ്കും ലഹരി മരുന്നു കാർട്ടലിന്റെ തലതൊട്ടപ്പനായ ദാരിയോ അന്റോണിയോ ഉസാഗയുടേതായിരുന്നു. കാർട്ടലിനു കോടികളുടെ നഷ്ടം സംഭവിച്ചതോടെ സോംബ്രയെ കൊല്ലാൻ അവർ നിശ്ചയിച്ചു. ആറു വയസുകാരി സോംബ്രയുടെ തലയുടെ പടം സഹിതം വിലപറഞ്ഞ് അവർ ലഘുലേഖ പ്രചരിപ്പിച്ചു. സോംബ്രയെന്ന സ്പാനിഷ് വാക്കിന്റെ അർഥം നിഴൽ എന്നാണ്. ലഹരി കടത്തുകാരെ ഇവൾ നിഴൽ പോലെ പിന്തുടർന്നപ്പോൾ കൊളംബിയയിൽ പൊലീസ് തുമ്പുണ്ടാക്കിയത് മുന്നൂറിലധികം ലഹരി കടത്തു കേസുകൾക്കാണ്. അതാണ് നായയുടെ കേമത്തം. ഇത് മറുനാട്ടിലെ മാത്രം കഥയാണെന്ന് കരുതേണ്ട. കേരള പൊലീസിലും ഉണ്ട് പൊലീസിന്റെ നിഴലായ നായകൾ. പൊലീസ് സേനയിൽ കുറ്റാന്വേഷണത്തിന്റെ നെടുംതൂണാണിവർ.