കോമ്പി അച്ചന്റെ അതിഥികൾ; ‘കാശിയിൽ പാതി’ എടുത്ത് ലക്ഷ്മി അമ്മാൾ; തലമുറകളെ ചേർത്തു നിർത്തുന്ന തേരോട്ടം
Mail This Article
തമിഴ്നാടിന്റെ നെല്ലറയാണ് തഞ്ചാവൂർ. കാവേരി നദിയുടെ ഡെൽറ്റ. വർഷങ്ങൾക്കു മുൻപ് അവിടെനിന്ന് അവർ യാത്ര ആരംഭിച്ചു. ആ യാത്ര എത്തിയത് നിളയുടെ തീരങ്ങളിലാണ്. കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്. പുഴയോരങ്ങളിലും നിളയുടെ കൈവഴികളിലും അവർ നിരവീടുകൾ നിർമിച്ചു, ഒരുമിച്ചു ജീവിച്ചു. ചിട്ടയോടെ വേദം പഠിച്ചു, ശുദ്ധ സംഗീതം ആലപിച്ചു, അഗ്രഹാരങ്ങളിൽ ഗ്രാമദേവതയെ പ്രതിഷ്ഠിച്ച് ഉപാസിച്ചു. അങ്ങനെ തമിഴ് സമൂഹം കേരളത്തിന്റെ ഭാഗമായി. കൽപ്പാത്തിക്കും ചുറ്റുമായി 96 അഗ്രഹാരങ്ങൾ കേരളത്തിന് സ്വന്തമായി. വീടിനുള്ളിൽ തമിഴും വീടിനു പുറത്ത് മലയാളവും അവർ സംസാരിച്ചു. എല്ലാ വർഷവും തമിഴ്നാട്ടിൽ തങ്ങളുടെ വേരുകളിലേക്ക് അവർ തിരിച്ചു യാത്ര ചെയ്യുന്നു. കൽപ്പാത്തിയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ ഉപാസിക്കുന്നവർ രഥോത്സവത്തിന് മുന്‍പ് കൽപ്പാത്തിയുടെ പൂർവദേശമായ മായാവരത്തെത്തി മയൂരനാഥനെ വണങ്ങുന്നു. മയൂരനാഥൻ രഥത്തിൽ മായാവരത്തെ ഗ്രാമവീഥികളിൽ എഴുന്നള്ളുമ്പോൾ വിശാലാക്ഷീ സമേത വിശ്വനാഥൻ കൽപ്പാത്തിയുടെ വീഥികളിൽ അനുഗ്രഹം ചൊരിയുന്നു.