മാലിന്യം തീർന്നപ്പോൾ ‘സങ്കടപ്പെട്ട’ രാജ്യം; ബ്രഹ്മപുരത്തെ തീയുടെ കാരണക്കാരെ ഫിൻലൻഡ് പഠിപ്പിക്കുന്നത്...
Mail This Article
ഫിൻലൻഡ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനം ജീവിക്കുന്ന രാജ്യം. ജീവിക്കുക മാത്രമല്ല, എങ്ങനെ സന്തോഷമായി ജീവിക്കാമെന്നു ‘ക്ലാസെടുത്തു’ കൊടുക്കുകയും ചെയ്തു ഫിൻലൻഡ്. 2023 ജൂണിലാണ് അഞ്ചു ദിവസത്തെ ‘മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസ്’ സംഘടിപ്പിച്ചത്. ‘വിസിറ്റ് ഫിൻലൻഡ്’ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത, തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കായിരുന്നു ക്ലാസ്. സന്തോഷത്തിൽ മാത്രമല്ല പക്ഷേ, ഫിൻലൻഡ് ‘കഴിവ്’ തെളിയിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ സ്വന്തം ജീവിതത്തെയും പ്രകൃതിയെയും എങ്ങനെ ഒരുപോലെ പരിപാലിക്കാമെന്നും ഫിൻലന്‍ഡ് കാണിച്ചു തരുന്നു. ഭൂവിസ്തൃതിയുടെ 70 ശതമാനവും വനങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഫിൻലൻഡ്. ആഗോളനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ശുദ്ധവും മാലിന്യമുക്തവുമായ വനങ്ങൾ, തടാകങ്ങൾ, വായു, കുടിവെള്ളം എന്നിവ ഫിൻലൻഡിന് സ്വന്തം. രാജ്യമെമ്പാടുമുള്ള ടാപ്പുകളിൽനിന്നു ലഭിക്കുന്നത് ശുദ്ധമായ ജലം. പ്രകൃതിസ്നേഹത്തിന്റെ സഹൃദയത്വമാണ് സമൂഹത്തിലാകെ. പണമുണ്ടാക്കുക എന്നതിലപ്പുറം പരിസ്ഥിതിയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരുപറ്റം ജനങ്ങൾ. അവർക്കിടയിൽ ജീവിക്കുന്ന ഒരു മലയാളി ആ അനുഭവം വിവരിക്കുന്നു. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഐടി പ്രഫഷനലായ മലയാളി നവമി ഷാജഹാന്റെ വാക്കുകളിലേക്ക്...