കത്തിക്കയറി കളിക്കളങ്ങൾ; മിന്നിത്തിളങ്ങി ബിസിസിഐ; ചിലത് ഓർക്കാം, മറ്റു ചിലത് മറക്കാതിരിക്കാം...
Mail This Article
ഏകദിന ലോകകപ്പ് ടൂർണമെന്റ് ബിസിസിഐ ഒറ്റയ്ക്ക് സംഘടിപ്പിച്ചത് ആദ്യമായിട്ടായിരുന്നു. മുൻപ് 3 തവണ ഇന്ത്യൻ മണ്ണില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റുകള്‍ നടന്നിട്ടുണ്ടെങ്കിലും 1987ൽ പാക്കിസ്ഥാനുമായും 1996ൽ പാക്കിസ്ഥാനും ശ്രീലങ്കയുമായും 2011ൽ ശ്രീലങ്കയും ബംഗ്ലദേശുമായും േചന്നാണ് അവ സംഘടിപ്പിക്കപ്പെട്ടത്. ഇത്രയും വലിയ ടൂർണമെന്റ് ഒറ്റയ്ക്കു നടത്തുമ്പോഴുള്ള ചുമതലയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാരം സ്വാഭാവികമായും കടുത്തതായിരിക്കുമല്ലോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10 നഗരങ്ങളിലെ മൈതാനങ്ങളിലായി 45 ദിവസങ്ങൾ നീണ്ടു നിന്ന ഈ കായിക പൂരം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുകവഴി ബിസിസിഐ തങ്ങളുടെ ഭരണപാടവവും അർപണബോധവും മികച്ച രീതിയിൽ പ്രകടിപ്പിച്ചു. ഇതുവഴി രാജ്യത്തിന്റെ യശസ്സ് ലോക കായികവേദിയിൽ ഉയർത്തിക്കാട്ടുന്നതിലും വിജയിച്ചു. ബഹുരാഷ്ട്രനേതാക്കളുടെയും ഡേവിഡ് ബെക്കാം, വിവിയൻ റിച്ചാർഡ്സ് തുടങ്ങി നമ്മുടെ സ്വന്തം സച്ചിൻ തെൻഡുൽക്കറുടെയും ഗവാസ്കറുടെയും കപിൽ ദേവിന്റെയും സാന്നിദ്ധ്യം ഈ കായിക ഉത്സവത്തിന് മാറ്റുകൂട്ടി. സിനിമാ ലോകത്തുനിന്നുള്ള പ്രമുഖരുടെ പ്രാതിനിധ്യം ഗാലറികള്‍ക്ക് ജീവനേകി.