ഡല്‍ഹിയിലേക്ക് പെട്ടിനിറയെ കൊച്ചിക്കായലിലെ തിരുത മീനുമായി വിമാനത്തില്‍ പോകുന്ന രാഷ്ട്രീയ നേതാവ്. 'ഭീഷ്മപര്‍വ്വ'മെന്ന മലയാള സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്ലേ. സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിച്ച് കാര്യങ്ങള്‍ നേടിയെടുക്കുന്ന രീതി പണ്ടു കാലം മുതല്‍ക്കേ നിലനിന്നിരുന്നു. ഇതുപോലെ സമ്മാനമായി നല്‍കാന്‍ പെട്ടി നിറയെ മീൻ ഇന്ത്യയിലെ വിവിഐപികൾക്ക് നൽകുന്ന അയല്‍രാജ്യത്തെ പ്രധാനമന്ത്രിയെ കുറിച്ച് അറിയാമോ? ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് പദ്മ നദിയിലെ സ്വാദിഷ്ടമായ ഹില്‍സ മീനുകളെ സമ്മാനമായി നൽകുന്നത്. ഈ പ്രവൃത്തിയെ കേവലം കാര്യസിദ്ധിക്കായുള്ള മാര്‍ഗമായി കാണരുത്. രാജ്യതന്ത്രജ്ഞരുടെ കണ്ണില്‍ അതൊരു നയതന്ത്രമാണ്. അതിനാലാണ് അവര്‍ 'ഹില്‍സ നയതന്ത്ര'മെന്ന പേര് ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം ചേര്‍ത്തുവച്ചത്. സമ്മാനമായി ഇന്ത്യയിലേക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി നേരിട്ട് കൊണ്ടുവന്നിരുന്ന ഹില്‍സ മീനുകളെ കുറിച്ച് ഇപ്പോള്‍ പറയാനൊരു കാരണമുണ്ട്. അടുത്തിടെ ഇന്ത്യയിലേക്ക് ബംഗ്ലദേശ് കയറ്റി അയച്ച ടൺ കണക്കിന് ഹില്‍സ മീനുകളാണ് കൊൽക്കത്തയിൽ എത്തിയത്. ബെനാപോള്‍ തുറമുഖം വഴി അയച്ച ചരക്ക് 9 ട്രക്കുകളിലാക്കിയാണ് തുറമുഖത്തുനിന്ന് കൊല്‍ക്കത്തിലേക്ക് എത്തിച്ചത്. വിഐപികള്‍ക്ക് സമ്മാനമായി പ്രധാനമന്ത്രി നേരിട്ട് എത്തിക്കുന്ന ഹില്‍സ മീന്‍ എങ്ങനെയാണ് വലിയ അളവില്‍ ബംഗാളില്‍ എത്തിയത്? എന്താണ് ഈ മീനിന്റെ പ്രത്യേകത? ബംഗാളികള്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ വായില്‍ കപ്പലോടുന്നത് എന്തുകൊണ്ടായിരിക്കും? വിശദമായറിയാം. ∙ ഇലിഷ് എന്ന ഹില്‍സ സമുദ്രത്തിലും ശുദ്ധജലത്തിലും ജീവിക്കാൻ കഴിയുന്ന മത്സ്യമാണ് ഹിൽസ. സാധാരണയായി, മഴപെയ്യുന്ന മാസങ്ങളിലാണ് ഹിൽസ മുട്ടയിടുന്നതിനായി കടലിൽ നിന്ന് നദികളിലെ ശുദ്ധജലത്തിലേക്ക് എത്തുന്നത്. പ്രധാനമായും ജനുവരി–ഏപ്രിൽ, ജൂൺ–സെപ്തംബർ തുടങ്ങിയ മാസങ്ങളിലാണ് ഹിൽസ ശുദ്ധജലം തേടിയെത്തുന്നത്. കടലിൽ നിന്ന് കിലോമീറ്ററുകൾ ഉള്ളിലേക്ക് ഇവ സഞ്ചരിക്കാറുണ്ട്. ഏപ്രിൽ മാസമാണ് മീനുകളുടെ പ്രജനനം കൂടുതലായി നടക്കുന്നത്. മീൻകുഞ്ഞുങ്ങൾ തിരികെ കടലിലേക്ക് മടങ്ങും. പൂർണ വളർച്ചയെത്തുമ്പോൾ മൂന്ന് കിലോ വരെ ഭാരം വയ്ക്കുന്ന മീനുകൾക്ക് 60 സെന്റിമീറ്റർ വരെയുണ്ടാകും നീളം. പ്രധാനമായും ഏഷ്യൻ‍ ഉപഭൂഖണ്ഡമാണ് ഹിൽസയുടെ താവളം. ബംഗ്ലദേശ്, ഇന്ത്യ, മ്യാൻമർ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത്, ബഹ്റൈൻ, ഇന്തോനീഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഹിൽസയുണ്ടെങ്കിലും കൂടുതലായി കണ്ടുവരുന്നത് ബംഗ്ലദേശിലാണ്. ഹിൽസ കഴിക്കുന്നത് ആരോഗ്യത്തിനും അത്യുത്തമമാണ്. ഒമേഗ3 പോലുള്ള നല്ല ഫാറ്റി ആസിഡിനാൽ സംപുഷ്ടമായ ഈ മീൻ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കും. പ്രോട്ടീൻ, കാൽസ്യം, വൈറ്റമിനുകൾ തുടങ്ങിയവയുടെ കലവറയാണ് ഈ മീൻ. ഈ മത്സ്യം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്നാണ് എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയത്. ∙ ബംഗാളികളുടെ സ്വന്തം മീൻ ബംഗ്ലദേശിലാവട്ടെ, ബംഗാളിലാവട്ടെ ബംഗാളി ഭാഷ സംസാരിക്കുന്നവരുടെ വിശിഷ്ടമായ ആഹാരമാണ് ഹിൽസ മീൻ. 1947ൽ ഇന്ത്യ വിഭജനത്തിൽ കിഴക്കേ പാക്കിസ്ഥാനും, പിന്നീട് ബംഗ്ലദേശുമായി മാറിയ രാജ്യത്തെ ഔദ്യോഗിക മത്സ്യമായ ഹിൽസ തന്നെയാണ് ബംഗാളിന്റെ സംസ്ഥാന മത്സ്യവും. 1947 ലെ വിഭജനത്തിൽ ഹിൽസകളിൽ ഭൂരിഭാഗവും ബംഗ്ലദേശിന് സ്വന്തമാവുകയായിരുന്നു. കാരണം ഈ രാജ്യത്തിലൂടെ ഒഴുകുന്ന പദ്മ നദിയാണ് ഹിൽസ മീനുകളുടെ പ്രിയപ്പെട്ട ഇടം. ഗംഗാ നദിയുടെ പോഷക നദിയാണ് പദ്മ. 2021 ലെ കണക്കുപ്രകാരം ഹിൽസ മീനുകളുടെ വ്യാപാരത്തിന്റെ 86 % ബംഗ്ലദേശാണ് സ്വന്തമാക്കിയത്. ബംഗ്ലദേശിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഹിൽസയുടെ വെള്ളിത്തിളക്കം വലിയ മുതൽക്കൂട്ടാണ്. 2020-21 കാലയളവിൽ 565,183 ടൺ ഹിൽസ മീനുകളാണ് ബംഗ്ലദേശ് പിടികൂടിയത്. ഇതിൽ 65 ശതമാനം കടലിൽനിന്നും ബാക്കിയുള്ളവയെ നദികളിൽനിന്നുമാണ് പിടികൂടിയത്. ഇവിടെനിന്ന് ഹിൽസ ലോകത്തിലെ വിവിധ ഇടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പക്ഷേ, ഈ മീനിന്റെ പ്രധാന ആവശ്യക്കാർ ഇന്ത്യക്കാരാണ്, പ്രത്യേകിച്ച് ബംഗാളിലുള്ളവർ. ഒഡീഷ, ത്രിപുര, അസം, ഗുജറാത്ത്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനത്തുള്ളവർക്കും ഹിൽസ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമാണ്. നാവിന് സ്വാദ് പകരുന്നതിനൊപ്പം ആരാഗ്യത്തിനും ഹിൽസ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ∙ വിവാഹത്തിനും പൂജ ആഘോഷത്തിനും വേണം ഹിൽസ! ആഘോഷങ്ങളേതായാലും ശരി ബംഗ്ലദേശിന്റെ ദേശീയ മത്സ്യമായ ഹിൽസയ്ക്ക് പ്രധാന സ്ഥാനമാണ് ജനം നൽകുന്നത്. വിവാഹത്തിന് സമ്മാനമായി വരെ ഈ മീനിനെ ഉപയോഗിക്കുന്നുണ്ട്. വരൻ വധുവിന്റെ കുടുംബത്തിന് ഹിൽസ മീനുകളെ ജോടിയായി സമർപ്പിക്കുന്ന ആചാരമുണ്ട്. മത്സ്യങ്ങളുടെ രാജ്‍ഞിയെന്ന വിളിപ്പേരിലാണ് ഹിൽസ അറിയപ്പെടുന്നത്. മഴക്കാലത്ത് വറുത്ത ഹിൽസ മീനിനൊപ്പമാണ് ബംഗാളികൾ 'ഖിച്ചൂടി' എന്ന വിഭവം തയാറാക്കി കഴിക്കുന്നത്. അരിയും പയറും പച്ചമരുന്നുകൾക്കൊപ്പമിട്ടാണ് ഈ വിഭവം തയാറാക്കുന്നത്. അതേസമയം ബംഗാളി കുടുംബങ്ങൾ പൂജ ആഘോഷ സമയത്ത് ഹിൽസ മീനുകളെ തേടിയെത്താറുണ്ട്. ഹിൽസയില്ലെങ്കിൽ ആഘോഷങ്ങള്‍ക്ക് പൂർണതയില്ലെന്ന വിശ്വാസം പോലും ഇവർക്കിടയിലുണ്ട്. ബംഗാളി രാഷ്ട്രീയത്തിൽതന്നെ ചലനങ്ങളുണ്ടാക്കാൻ കഴിയുന്ന പേരാണ് ഹിൽസ. ഇക്കാര്യമെല്ലാം അറിഞ്ഞു തന്നെയാണ് ഇന്ത്യയുമായുള്ള നയതന്ത്രത്തിൽ ഹിൽസയെ ഉപയോഗിക്കാൻ ബംഗ്ലദേശ് പ്രധാനമന്ത്രി തുനിഞ്ഞതും. ∙ ഹസീനയുടെ ഹിൽസ നയതന്ത്രം ബംഗാളടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മ്യാൻമർ, ശ്രീലങ്ക എന്നിവയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഹിൽസ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ബംഗ്ലദേശിലെ മീനിന് ആവശ്യക്കാരേറെയാണ്. കാരണം പദ്മ നദിയിൽനിന്നുള്ള ഹിൽസ മത്സ്യത്തിനാണ് രുചി കൂടുതലെന്ന് വിശ്വസിക്കുന്നവർ ഏറെ. പിന്നെ വലിപ്പമേറിയ ഹിൽസ മീനുകളുടെ ലഭ്യതയും ബംഗ്ലദേശിന്റെ പ്രധാന്യം വർധിപ്പിക്കുന്നു. ഹിൽസയിലൂടെ ഇന്ത്യൻ ഭരണാധികാരികളുടെ ഹൃദയം തൊടാമെന്ന് 1996 ൽ അധികാരത്തിലേറിയ സമയത്തുതന്നെ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബോധ്യമായതാണ്. 1996 ൽ അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന് ഹിൽസ സമ്മാനിച്ച ബംഗ്ലദേശ് പ്രധാനമന്ത്രി പിന്നീട് ഇതൊരു കീഴ്‌വഴക്കമാക്കി മാറ്റി. മമത ബാന‍ർജി ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭിനന്ദന സന്ദേശത്തിനൊപ്പം ഹിൽസ അയച്ചു. ബംഗാളിൽനിന്നുള്ള പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രപതിയായപ്പോഴാണ് ഷെയ്ഖ് ഹസീനയുടെ ഹിൽസ സമ്മാനം വീണ്ടും എത്തിയത്. വിഐപി സമ്മാനമായി ഹിൽസയെത്തുമ്പോൾ ബംഗാളിലെ സാധാരണക്കാർക്കും പറ്റുംവിധം ഹിൽസയെത്തിക്കാൻ ഹസീന ശ്രദ്ധിച്ചിരുന്നു എന്നു വേണം പറയാൻ. കാരണം അവരുടെ ഇന്ത്യ സന്ദർശന വേളകളിലെല്ലാം ഇവിടെനിന്നുള്ള പ്രധാന ആവശ്യം ഹിൽസ കൂടുതൽ അയയ്ക്കണം എന്നതായിരുന്നു. കിലോയ്ക്ക് മീനുകളുടെ വലിപ്പമനുസരിച്ച് 800 മുതൽ 1400 രൂപ വരെയാണ് ബംഗ്ലദേശ് ഈടാക്കിയിരുന്നത്. അതായത് ഹിൽസ കയറ്റുമതിയിലൂടെ ബംഗ്ലദേശ് സ്വന്തമാക്കുന്ന വിദേശ നാണ്യം അവരുടെ സമ്പദ്‍വ്യവസ്ഥയ്ക്ക് താങ്ങും തണലുമാണെന്നർഥം. ദുർഗാപൂജ ആഘോഷ സമയത്താണ് ബംഗാളിൽ കൂടുതലും ഹിൽസയ്ക്ക് ആവശ്യമുണ്ടാവുക. 2022 സെപ്റ്റംബറിൽ ഇന്ത്യയിൽ ബംഗ്ലദേശ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തിയ വേളയിൽ കൊൽക്കത്തയിൽ ഹിൽസയെ വലിയ അളവിൽ എത്തിക്കാനും അവർ തയാറായി. മീൻവിൽപനയിലൂടെ നേട്ടം ബംഗ്ലദേശിനാണെങ്കിലും ഇന്ത്യയിൽനിന്നുള്ള ആവശ്യം ലഭ്യതയേക്കാളും പലമടങ്ങ് കൂടുതലായതിനാൽ ഹിൽസയെ നയതന്ത്രത്തിനുള്ള ഉപകരണമാക്കാനും ഹസീന ശ്രമിച്ചിട്ടുണ്ട്. 2012ലെ ഹിൽസ കയറ്റുമതി നിരോധനം ഇതിനുദാഹരണമാണ്. ∙ വെള്ളം തരൂ, ഞങ്ങൾ മീൻ തരാം ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നിലനിൽക്കുന്ന പ്രധാന തർക്കം ടീസ്റ്റ നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടതാണ്. ടീസ്റ്റ ജലം തുല്യമായി വിതരണം ചെയ്യണമെന്നാണ് ബംഗ്ലദേശിന്റെ ആവശ്യം. കാരണം അവിടെയുള്ള 73% ജനങ്ങളുടെ ജീവിതം ഈ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബംഗാളിന്റെ എതിർപ്പു കാരണമാണ് കരാർ നടപ്പിലാക്കാൻ കഴിയാത്തത്. അതിനാലാണ് ഹസീന ‘ഹില്‍സ കാർഡ്’ ഉപയോഗിക്കുന്നത്. ടീസ്റ്റ ജലം പങ്കിടുന്നതിലെ തർക്കം അനന്തമായി നീണ്ടതോടെ ഹിൽസയുടെ കയറ്റുമതിക്ക് ബംഗ്ലദേശ് സർക്കാർ നിരോധനം കൊണ്ടുവന്നു. മത്സ്യ ക്ഷാമത്തിൽ സ്വന്തം പൗരൻമാരുടെ താൽപര്യം സംരക്ഷിക്കുന്നതിനും ഹിൽസയ്ക്ക് വംശനാശം സംഭവിക്കുന്നത് തടയാനുമായിട്ടാണ് നിരോധനം എന്നാണു പറഞ്ഞത്. പദ്മ നദിയിൽ നിന്ന് ആവശ്യത്തിന് ഹിൽസ ലഭിക്കാതായതോടെ ബംഗ്ലദേശിൽ മീനിന് വൻ വിലക്കയറ്റമുണ്ടായിരുന്നു. 2019ന് ശേഷമാണ് ഹിൽസ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ബംഗ്ലദേശ് പിൻവലിച്ചത്. ഇതോടെ ഇന്ത്യയിലേക്ക് ബംഗ്ലദേശിൽനിന്ന് വലിയ അളവിൽ ഹിൽസ എത്തിതുടങ്ങി. എന്നാൽ നിരോധനം ഏർപ്പെടുത്തിയ കാലത്തും ബംഗ്ലദേശിൽ നിന്ന് രണ്ട് രീതിയിൽ ഹിൽസ ഇന്ത്യയിൽ എത്തിയിരുന്നു. വിഐപികൾക്കുള്ള പ്രധാനമന്ത്രിയുടെ ഹസീനയുടെ സമ്മാനമായും, അതിർത്തി ഭേദിച്ചുള്ള കള്ളക്കടത്ത് ചരക്കായും. ∙ നിറതോക്കുകൾക്കിടയിലൂടെ ഹിൽസ കള്ളക്കടത്തും അതിർത്തിയിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഭടൻമാരുടെ കണ്ണുവെട്ടിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘങ്ങൾ ഇന്ത്യ–ബംഗ്ലാ അതിർത്തിയിൽ ധാരാളമുണ്ട്. ഹിൽസ മീനുകൾ കള്ളക്കടത്ത് ചരക്കായി മാറുന്നതിനും നിരോധനം സാക്ഷ്യം വഹിച്ചു. ഇതിൽനിന്നുമറിയാം ഇന്ത്യയിൽ എത്രത്തോളം ഹിൽസ കൊതിയൻമാരുണ്ടെന്ന്. ഹിൽസ കള്ളക്കടത്ത് വർധിച്ചത് ബംഗ്ലദേശിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. കള്ളക്കടത്തിലൂടെ ബംഗാളിലെത്തുന്ന ഹിൽസയ്ക്ക് കിലോയ്ക്ക് 3000 രൂപ കൊടുത്തും വാങ്ങാൻ ആളുണ്ടെന്നതാണ് ഈ മീനിന്റെ മൂല്യം തെളിയിക്കുന്നത്. ഭക്ഷണത്തിനും അപ്പുറം ഹിൽസ വിശ്വാസത്തിന്റെ ഭാഗമായതാണ് വില വർധനയ്ക്ക് പിന്നിൽ. ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിലെ ഹക്കിംപൂർ, അൻഗ്രായ് എന്നിവിടങ്ങളിലൂടെയാണ് കള്ളക്കടത്ത് കൂടുതലുമുള്ളത്. പരിശോധനയ്ക്കിടെ കള്ളക്കടത്തുകാരിൽനിന്ന് ബിഎസ്എഫ് ഹിൽസ മീനുകൾ കണ്ടെത്തുന്നത് പതിവാണ്. ∙ മത്തിയുടെ വലുപ്പം, താലി വിറ്റും പുലാസ കഴിക്കണം ഹിൽസ മീനുകളെകൊണ്ട് ഇന്ത്യയിലെയും നദികൾ സമ്പന്നമായ കാലമുണ്ടായിരുന്നു. കൂടുതലും ബംഗാളിലെ നദികളിലായിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിലും ഹിൽസയ്ക്ക് ആരാധകരുണ്ട്. ത്രിപുര, മിസോറാം, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. ആന്ധ്രയിൽ ഹിൽസയെ പുലാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആന്ധ്രപ്രദേശിലെ പേരു കേട്ട വിഭവമായ ചെപ്പാല പുളിസുവി‍ൽ നിന്നുമാണ് മത്സ്യത്തിന് പുലാസ എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. ഇവിടെയുള്ള സമ്പന്ന കുടുംബങ്ങൾക്ക് മാത്രമെ ഇന്ന് ഈ വിഭവം തയാറാക്കാനാവൂ. സമ്പന്നർ സമ്മാനമായും ഈ മീനിനെ നൽകാറുണ്ട്. 'കാണം വിറ്റും ഓണമുണ്ണണ'മെന്ന പഴഞ്ചൊല്ല് പോലെ 'താലി വിറ്റും പുലാസ കഴിക്കണം' എന്ന വാമൊഴി ഇവിടെ പ്രശസ്തമാണ്. ഗോദാവരി നദിയിൽനിന്ന് അപൂർവമായി ലഭിക്കുന്ന വലുപ്പമേറിയ പുലാസയ്ക്ക് മോഹവിലയാണ് ലഭിക്കാറുള്ളത്. വലിപ്പമുള്ള പുലാസ മീന് 20,000 രൂപയ്ക്ക് മേൽ നൽകാനും തയാറുള്ളവരുണ്ട് ഇവിടെ. മത്സ്യക്കൊതിയൻമാരുടെ ആവശ്യം വർധിച്ചതോടെയുണ്ടായ അനിയന്ത്രിതമായ മീൻപിടിത്തം ഹിൽസയുടെ എണ്ണവും വലുപ്പവും കുറച്ചു. പൂർണ വളർച്ചയെത്തും മുൻപേ പിടികൂടുന്നതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന ഹിൽസയ്ക്ക് പലപ്പോഴും മത്തിയുടെ വലുപ്പമാവും ഉണ്ടാവുക. മഴക്കാലമാവുമ്പോൾ ഗംഗ, ബ്രഹ്മപുത്ര നദികളിലേക്ക് മുട്ടയിടുന്നതിനായി ബംഗാൾ ഉൾക്കടലിൽ നിന്നെത്തിയിരുന്ന ഹിൽസയുടെ യാത്ര കുറഞ്ഞതിന് പിന്നിൽ മലിനീകരണവും കാരണമായി. വേഗത്തിൽ നീന്തിയെത്തുന്ന ഇവയ്ക്ക് കൂടുതൽ ഓക്സിജൻ വേണ്ടിവരും. എന്നാൽ മലിനീകരണം വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയ്ക്കുന്നതിന് കാരണമായി. ഇതിന് പുറമേ നദികളിൽ ഡാമുകൾ പണിയുന്നതും മീനുകളുടെ സഞ്ചാരം തടസ്സപ്പെടാൻ കാരണമായി. ഹില്‍സ മീനുകളെ സംരക്ഷിക്കാനായി ബംഗ്ലദേശ് കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്. മീനുകൾ മുട്ടയിടുന്ന സമയത്ത് അവയെ പിടികൂടുന്നത് തടഞ്ഞും, മത്സ്യക്കുഞ്ഞുങ്ങളെ ചെറു കണ്ണികളുള്ള വലയുപയോഗിച്ച് പിടികൂടുന്നത് നിരോധിച്ചും അവർ മാതൃക കാട്ടി. അയൽരാജ്യവുമായുള്ള നയതന്ത്ര ആവശ്യങ്ങൾക്കുവരെ ഉപയോഗിക്കാനാവുന്ന ഹിൽസയെ എന്തു വിലകൊടുത്തും ബംഗ്ലാദേശ് സംരക്ഷിക്കും. കാരണം അവിടെയും വിവാഹങ്ങളടക്കമുള്ള ചടങ്ങുകൾക്ക് പൂർണതയുണ്ടാവണമെങ്കിൽ അതിഥിയായി ഹിൽസ എത്തണം. ∙ ഹസീനയുടെ 'മമത' നേടി, ഹിൽസയെത്തി ബംഗ്ലദേശ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഹിൽസയ്ക്കുണ്ടായ ക്ഷാമത്തെ കുറിച്ച് ബംഗാള്‍ നിയമസഭ ചർച്ച ചെയ്തിരുന്നു. ആഗ്രഹമുണ്ടെങ്കിലും, ടീസ്റ്റ നദിയിൽ വെള്ളമില്ലാത്തതിനാലാണ് നൽകാൻ മടിച്ചതെന്നാണ് മുഖ്യമന്ത്രി മമത ബാനർജി സഭയിൽ മറുപടി നൽകിയത്. ഇതിനൊപ്പം സംസ്ഥാനത്തുതന്നെ ഹിൽസയുടെ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തയാറാക്കുമെന്നും അവർ ഉറപ്പ് നൽകി. എങ്കിലും ഇക്കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ബംഗാളിനായില്ല. 2016 ലെ തിരഞ്ഞെടുപ്പിലൂടെ വീണ്ടും ബംഗാളിൽ അധികാര തുടർച്ച മമത ഉറപ്പാക്കിയപ്പോഴും ഹിൽസ സമ്മാനം അയക്കാൻ ബംഗ്ലദേശ് മറന്നില്ല. 20 കിലോ ഹിൽസ മീനാണ് മമതയെ തേടി ബംഗ്ലാദേശിൽ നിന്ന് എത്തിയത്. ഹസീനയുടെ ഈ സമ്മാനം ടീസ്റ്റയെ കുറിച്ചുള്ള ഓർമപ്പെടുത്തലാണെന്ന് വ്യാഖ്യാനിച്ചവരുമുണ്ട്. ബംഗാളിന്റെ രാഷ്ട്രീയത്തിൽ പോലും ഹിൽസയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി മമത ഏറ്റുമുട്ടിയപ്പോൾ, 'ബംഗ്ലദേശില്‍നിന്ന് എത്തുന്ന ഹിൽസയെയും നിങ്ങൾ നുഴഞ്ഞുകയറ്റക്കാർ എന്ന് മുദ്ര കുത്തുമോ?' എന്നാണ് മമത പരസ്യമായി ചോദിച്ചത്. ബംഗാളികൾക്ക് ഹിൽസയോടുള്ള ഇഷ്ടമറിഞ്ഞുകൊണ്ടുതന്നെയാണ് ഹസീനയുടെ പിണക്കം മാറ്റാൻ മമത നേരിട്ടിറങ്ങിയതും. 2017ൽ ബംഗ്ലദേശ് പ്രധാനമന്ത്രി ഹസീന ഇന്ത്യ സന്ദർശനം നടത്തി. ഈ സമയം ബംഗാൾ മുഖ്യമന്ത്രി ഡൽഹിയിൽ നേരിട്ട് എത്തിയതോടെയാണ് ബംഗ്ലദേശിന്റെ ഹിൽസ നിരോധനത്തിൽ അയവ് വന്നത്. 2016-ലെ ബുഡാപെസ്റ്റ് ജല ഉച്ചകോടിയിൽ ബംഗാളിനെ പരോക്ഷമായി കുറ്റപ്പെടുത്തിയ ഹസീന, തൊട്ടടുത്ത വർഷം ഡൽഹിയിൽ കാണാനെത്തിയ മമതയ്ക്ക് പ്രിയപ്പെട്ട സമ്മാനങ്ങളും നൽകിയാണ് പിരിഞ്ഞത്. ഈ സന്ദർശനത്തിൽ രാഷ്ട്രപതി ഭവനിലേക്കും ഹസീനയുടെ സമ്മാനമായി ഹിൽസ എത്തിയിരുന്നു. പ്രണബ് കുമാർ മുഖർജിയായിരുന്നു അന്ന് ഇന്ത്യയുടെ രാഷ്ട്രപതി. 2023ല്‍ ബംഗാളികളുടെ പൂജ ആഘോഷങ്ങൾക്ക് മുന്നോടിയായി 45,000 കിലോ ഹിൽസയാണ് കൊൽക്കത്തിൽ എത്തിയത്. പദ്മ നദിയിൽനിന്ന് പിടികൂടിയ ഏറ്റവും സ്വാദേറിയത് എന്ന വിശേഷണമുള്ള ഹിൽസയാണ് നഗരത്തിലേക്ക് എത്തിയത്. 79 കയറ്റുമതി വ്യാപാരികൾക്ക് ഹിൽസ വ്യാപാരത്തിന് ബംഗ്ലദേശ് അനുമതി നൽകിയിരുന്നു. 3950 ടണ്‍ ഹിലസ കയറ്റുമതി ചെയ്യാനാണ് ഇവർക്ക് അനുമതി നൽകിയിരുന്നത്. ബംഗാളിലെത്തുന്ന ഹിൽസ സംസ്ഥാനത്തെ പ്രധാനപ്പെട്ട ചന്തകളിലേക്ക് അയക്കുകയാണ് ചെയ്യുക. ഇതിനു പുറമേ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ, സംസ്ഥാനത്തിനു പുറത്തുള്ള മെട്രോ നഗരങ്ങളിലും വിൽപനയ്ക്കായി എത്തിക്കുന്ന പതിവുണ്ട്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കാനുള്ള ചാലക ശക്തിയായി തിളക്കമേറിയ വെള്ളി നിറമുള്ള ഹിൽസയ്ക്കെങ്ങനെ കഴിയുന്നു എന്നത് അദ്ഭുതമായി തോന്നാം. എന്നെങ്കിലും ഹിൽസ കഴിക്കാന്‍ അവസരമുണ്ടായാൽ ഓർക്കണം മുമ്പിലെ പാത്രത്തിലിരിക്കുന്നത് വെറുമൊരു മീനല്ലെന്ന്.

loading
English Summary:

The Delicious Hilsa Fish of the Padma River and How Bangladesh's PM Uses Hilsa Fish Diplomacy Against India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com