ട്രാക്കിലെ മിന്നൽപ്പിണർ, മരണം മുന്നില്‍ക്കണ്ട വേഗരാജാവ്; മനസ്സിലിന്നും ഇരമ്പുന്നു, ആ ചുവപ്പൻ ഫെറാറി...
Mail This Article
ഡച്ച് പ്രതിഭാസം മാക്സ് വേർസ്റ്റപ്പൻ ഫോർമുല വൺ ലോക കിരീടം മൂന്നാം തവണ നേടുമ്പോൾ ഞാൻ മൈക്കൽ ഷൂമാക്കറെ ഓർത്തു. 10 വർഷം മുൻപ് ഫ്രഞ്ച് ആൽപ്സിൽ മകനോടൊപ്പം സ്കീയിങ് നടത്തുമ്പോൾ പാറയിൽ ഇടിച്ചു വീഴുകയായിരുന്നു മൈക്കൽ. സുരക്ഷാ കവചം ധരിച്ച, പരിചയ സമ്പന്നനായ സ്കീയർ. പക്ഷേ പരുക്ക് ഗുരുതരമായിരുന്നു. ആറു മാസം ഡോക്ടർ നിശ്ചയിച്ച കോമയിൽ, പിന്നീട് പാതി ബോധത്തിൽ പരസഹായത്തോടെ നടത്തം. 2019ൽ പാരിസിൽ സ്റ്റെം സെൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സ്വിറ്റ്സർലൻഡിലെ ജനീവ തടാകക്കരയിലെ വീട്ടിലേക്ക് അയാൾ മടങ്ങി. വിദഗ്ധ ചികിത്സയിലൂടെ സ്വയം നടക്കാനാകും എന്ന വിശ്വാസം പ്രബലമായി. ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോ ആകുന്നു ഇപ്പോൾ 52 വയസ്സുള്ള ജർമൻ ഇതിഹാസത്തിന്റെ ജീവിതം. പിന്നീട് ആരോഗ്യ വിവരങ്ങൾ പുറത്തു വന്നത് അപൂർവമായി. കുടുംബവും ചികിത്സകരും മുൻ ചാംപ്യന്റെ സ്വകാര്യതയെ മാനിച്ചു.