വീട്ടിലെത്തണോ സാന്താക്ലോസ് അയച്ച ക്രിസ്മസ് സന്ദേശം? ‘റോയൽ’ കാർഡിൽ ആരുടെ ചിത്രം?
Mail This Article
കയ്യിൽ നീല റെക്സിൻ ഷീറ്റിൽ പൊതിഞ്ഞ ഒരു കെട്ട് കത്തുകൾ. ഷർട്ടിന്റെ കോളറിനുപിറകിൽ തൂക്കിയിട്ട കാലൻകുട. ഡിസംബറിലെ ഉച്ചവെയിലിൽ വിയർത്തൊലിച്ച് പടികടന്നുവരുന്ന പോസ്റ്റ്മാനെ ഓർമയില്ലേ. ഏറ്റവും തിരക്കുള്ള ഡിസംബർക്കാലം അയാൾ വീടുകളിൽനിന്ന് വീടുകളിലേക്കുള്ള ഓട്ടത്തിലായിരിക്കും. ഓരോ വീട്ടിലേക്കും ഒരു ക്രിസ്മസ് ആശംസാ കാർഡെങ്കിലുമുണ്ടാവും. പോസ്റ്റുമാന് വർഷത്തിൽ ഏറ്റവും തിരക്കേറിയ ദിനങ്ങൾ. ക്രിസ്മസ് തിരക്കായതിനാൽ മറ്റു തപാലുകൾ വൈകുമെന്ന മുന്നറിയിപ്പു വന്നിരുന്ന കാലം. അതൊരു മനോഹര കാലമായിരുന്നു. മലയാളിക്കുട്ടികൾക്ക് മറക്കാൻ കഴിയാത്ത ഗൃഹാതുര സ്മരണയാണ് ആ ക്രിസ്മസ് കാർഡ്. ആരെങ്കിലും തനിക്കൊരു ക്രിസ്മസ് കാർഡ് അയച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ. അവധിക്കാലത്ത് കൂട്ടുകാർ പരസ്പരം അയക്കുന്ന ക്രിസ്മസ് കാർഡുകൾ. അവയിൽ ഓരോ വർഷവും ഒരു പുതുമയെങ്കിലും കൊണ്ടുവരാൻ പലരും ശ്രമിക്കാറുണ്ട്. തുറക്കുമ്പോൾ പൂ വിരിയുന്നതുപോലെ പുറത്തേക്ക് തള്ളിത്തുറന്നുവരുന്ന ആശംസകളുള്ള കാർഡ്. തുറക്കുമ്പോൾ ജിംഗിൾ ബെൽസ് പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന ക്രിസ്മസ് കാർഡ്. തുറക്കുമ്പോൾ മുറിനിറയെ സുഗന്ധം പരത്തുന്ന ക്രിസ്മസ് കാർഡ്. പ്രകാശം പരത്തുന്ന ക്രിസ്മസ് കാർഡ്... ഓരോ തവണയും വൈവിധ്യം തേടിയാണ് ആളുകൾ അക്കാലത്തു നടന്നത്. അതിനനുസരിച്ച് വിപണിയിലും വെറൈറ്റി കാർഡുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. പിന്നീടെപ്പോഴാണ് ആ കാലം നമ്മെ വിട്ടു പോയത്?