സിൽവർ ലൈനിൽ ജനങ്ങൾക്കൊപ്പം! മരത്തിന് പേരിട്ട മന്ത്രി, തെലങ്കാനയിൽ പാർട്ടിയുടെ പോരാളി; കാനത്തിന്റെ ഈ ശിഷ്യൻ വ്യത്യസ്തനാണ്
Mail This Article
‘കല്ലല്ല, മണ്ണല്ല, മരമല്ല കാട്...’ ബോട്ടിലിരുന്ന് കൈയിൽ കിട്ടിയ കടലാസിൽ ബിനോയ് വിശ്വം എഴുതിത്തുടങ്ങി. പോസ്റ്ററുകളിൽ കാണുന്ന വടിവൊത്ത അക്ഷരം. ഇടയ്ക്ക് എഴുത്തു നിർത്തും, ചുറ്റുമുള്ള വനത്തിലേക്ക് നോക്കും. ഒടുവിൽ കാടിന്റെയും പ്രകൃതിയുടെയും പ്രാധാന്യം കാതലായ ഒരു കവിതയായി ആ എഴുത്ത് അവസാനിച്ചു. അന്ന് വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ വനം മന്ത്രിയാണ് ബിനോയ് വിശ്വം. വനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ബോധവൽക്കരിക്കുന്നതിനാകണം എംഎൽഎമാർക്കായി തേക്കടി മുല്ലക്കുടിയിൽ ഏകദിന ക്യാംപ് സംഘടിപ്പിച്ചു. ആ യാത്ര എംഎൽഎമാർക്ക് പുത്തൻ അനുഭവമായിരുന്നു. ക്യാംപ് കൈമാറിയ അറിവാകും മടക്കയാത്രയിൽ കവിതയായി മാറിയത്. വനംമന്ത്രി സ്ഥാനം ഏറ്റെടുത്ത ബിനോയ് തന്റെ ഓഫിസിന്റെ പശ്ചാത്തലത്തിൽ കാടിന്റെ ചിത്രം പതിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ വ്യത്യസ്തതയാണ് ബിനോയ് എന്ന പൊതുപ്രവർത്തകന്റെ ചിഹ്നം. പറയാനുള്ളത് തുറന്നു പറയുന്ന ബിനോയ് നിലപാടുകളിൽ വെള്ളം ചേർക്കില്ല. ആ കാർക്കശ്യം ഇനി സിപിഐയുടെ നിലപാടുകളിലും പ്രതിഫലിക്കുമെന്നു കരുതാം.