നെഞ്ചിടിപ്പായിരുന്നു അമ്മ; മകളുടെ കൈവിട്ടു, പത്മ വാരസ്യാർ യാത്രയായി..; മരണം പകച്ചുനിന്ന ആ 16 മിനിറ്റ്
Mail This Article
മാമ്പഴ ജ്യൂസിനു പതിവില്ലാത്ത വിധം സ്നേഹത്തിന്റെ സ്വാദുണ്ടായിരുന്നു. ‘‘പേരക്കുട്ടികൾക്കു വേണ്ടി മുറ്റത്തെ മാവിലെ മാമ്പഴംകൊണ്ട് അമ്മയുണ്ടാക്കിയതാണ്.’’ മക്കൾ പറഞ്ഞു. ഇപ്പോഴും റഫ്രിജറേറ്റർ നിറയെ മാമ്പഴ ജ്യൂസുണ്ട്, പല തരം അച്ചാറുകളുണ്ട്, കടുമാങ്ങയുണ്ട്. പത്മവാരസ്യാർ പോയെങ്കിലും ആ സ്വാദ് കുറേക്കാലം ബാക്കിയാകും. സത്യത്തിൽ മരണം വന്നതു കൊണ്ടുപോകാൻതന്നെയായിരുന്നു. എന്നാൽ ആ അമ്മയുടേയും മകളുടേയും സ്നേഹത്തിനും ആത്മധൈര്യത്തിനും മുന്നിൽ മരണം 16 മിനിറ്റ് പകച്ചു നിന്നുപോയി. മകൾ മാറിനിന്ന സമയത്തു മരണം അമ്മയെ കൊണ്ടുപോകുകയും ചെയ്തു. എല്ലാംകൊണ്ടും സുഖമമായ മരണം. തൃശൂർ പൂരത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്ന മഠത്തിനു തൊട്ടടുത്തുള്ള ‘ആരതി’യെന്ന വീട്ടിലേക്കു മരണം വന്നത് ഡിസംബർ 19ന് രാത്രി 8.16നായിരുന്നു. ചെറിയ നെഞ്ചുവേദനയുമായി പത്മ വാരസ്യാർ അവിടെ കാത്തിരിപ്പുമുണ്ടായിരുന്നു. ഹൃദയാഘാതം നേരിടാനുള്ള ഗുളികളും രണ്ടു ധന്വന്തരം ഗുളികയും കഴിച്ചിരുന്നുവെങ്കിലും അതിനൊന്നും മരണം നേരിടാനുള്ള ശക്തിയുണ്ടായിരുന്നില്ല. അമ്മയുടെ നെഞ്ചിലെ വേദന അപകടത്തിലേക്കുള്ള വഴിയാണെന്നു മകൾ ജലജ രവീന്ദ്രൻ തിരിച്ചറിഞ്ഞു. ജലജ ആയുർവേദ ഡോക്ടറാണ്. അവർ രണ്ടുപേരുമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആരെയെങ്കിലും സാഹായത്തിനു വിളിച്ചു കാത്തിരിക്കാൻ സമയമില്ലായിരുന്നു.