ജോലി പുല്ലുവെട്ടൽ: അതിഥിതൊഴിലാളി സ്ഥലം വാങ്ങി വീടുവച്ചു കൊച്ചിയിൽ; പ്രചോദനം ഈ ദമ്പതികളുടെ കഥ
Mail This Article
‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...’ 1970ൽ പുറത്തിറങ്ങിയ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ഈ പാട്ട് അഭിജിത് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ കേട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം ഇനി ഒഡീഷയിലേക്കു പോകുമ്പോൾ അറിയാതെയെങ്കിലും ഈ വരികൾ മൂളും. തൊഴിൽ തേടി കേരളത്തിലെത്തിയതാണ് ഒഡീഷ സ്വദേശി അഭിജിത് മണ്ഡൽ. ഈ നാട് അദ്ദേഹത്തിനു മുന്നിൽ വാതിൽ തുറന്നുതന്നെ കൊടുത്തു. അങ്ങനെ 20 വർഷത്തിനിപ്പുറം നാളികേരത്തിന്റെ നാട്ടിൽ അഭിജിത്തിന് സ്വന്തമായൊരു വീടായി, അതു വൈറലുമായി. 20 വർഷം മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി അതിഥിതൊഴിലാളികളുടെ ‘ഗൾഫാ’യ കേരളത്തിലേക്ക് വണ്ടികയറുമ്പോൾ, ഒരുനാൾ കേരളത്തിൽ സ്വന്തമായി സ്ഥലവും വീടും സ്വന്തമാക്കുമെന്ന് അഭിജിത് സ്വപ്നംപോലും കണ്ടുകാണില്ല. അതും സ്ഥലത്തിന് തീവിലയുള്ള കൊച്ചിയിൽ. അവിടെ സ്ഥലംവാങ്ങി വീടുപണിയുക എന്നത് സാധാരണക്കാരായ മലയാളികൾക്കുപോലും ഏറെക്കുറെ അപ്രാപ്യമായ കാര്യമാണ് എന്നോർക്കണം. അവിടെയാണ് അഭിജിത്തിന്റെ നേട്ടത്തിന്റെ വലുപ്പം. ആ കഥയാണിത്...