റോക്കറ്റും ഉപഗ്രഹങ്ങളും നിർമിക്കലല്ല ഇനി ‘ഇസ്രൊ’യുടെ ജോലി! ഇന്ത്യയുടെ ആകാശത്ത് കോടികളുടെ കിലുക്കം; ആ നീക്കം അതീവ നിർണായകം
Mail This Article
ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ എന്തു ചെയ്യണം? പണ്ടൊക്കെ ഇങ്ങനെയൊരു ചോദ്യത്തിന് ഇന്ത്യയില്‍ പ്രസക്തിയുണ്ടായിരുന്നില്ല. കാരണം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) കുത്തകയായിരുന്നു ബഹിരാകാശ മേഖല. ഇന്നുപക്ഷേ, ആശയമുണ്ടെങ്കിൽ ആർക്കും ആകാശത്തോളവും അതിനപ്പുറത്തേക്കും ബിസിനസ് വളർത്താം, ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്കൊപ്പം വളരാം. ആകാശവും അതിനപ്പുറമുള്ള ലോകവും അനന്തമാണ്. ബഹിരാകാശ മേഖലയിലെ അവസരങ്ങളും അനന്തമാക്കിയാണ് കേന്ദ്ര സർക്കാർ ഇന്ത്യൻ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കു തുറന്നു കൊടുത്തത്. റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമിക്കുന്നതും അവ വിക്ഷേപിക്കുന്നതുമെല്ലാം ഐഎസ്ആർഒയുടെ കുത്തകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ബഹിരാകാശ മേഖലയിൽ ഏതു നിലയിലുള്ള സംരംഭങ്ങൾ ആരംഭിക്കാനും സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതാണ് 2023ൽ പുറത്തിറക്കിയ ഇന്ത്യയുടെ ബഹിരാകാശ നയം. ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം ഐഎസ്ആർഒയുടെയും സഹസ്ഥാപനങ്ങളുടെയും പൂർണ പിന്തുണ ലഭിക്കുമെന്നു മാത്രമല്ല, ഇന്ത്യൻ സംരംഭകർക്ക് ആവശ്യമെങ്കിൽ രാജ്യാന്തര ബഹിരാകാശ ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കുന്നതിനും തടസ്സമില്ല.