പൊന്മലമേട്ടിൽ പ്രകൃതിയുടെ ആഴിപൂജ; പുണ്യസന്നിധിയിൽ അഭയജ്യോതിയായി അയ്യൻ; മനംനിറഞ്ഞ് ലോകം വിളിച്ചു, സ്വാമിയേ...
Mail This Article
ഭസ്മധൂളി പോലെയുള്ള ഇളം മഞ്ഞിന്റെ വിഭൂതിയണിഞ്ഞ് പുലരിയെത്തും. അപ്പോഴേക്കും ആകാശനെറ്റിയിൽ കളഭസിന്ദൂരങ്ങൾ ചാർത്തി ബാലസൂര്യനണയും. പച്ചിലച്ചാർത്തിലൂടെ സൂചിമുന നീട്ടുന്ന സൂര്യകിരണങ്ങൾ ജലകണങ്ങളാൽ മുത്തുമാല കോർക്കും. പുറമേ മഞ്ഞിന്റെയും അകമേ അവാച്യമായൊരനുഭൂതിയുടെയും കുളിരു പകർന്ന് അങ്ങനെ വൃശ്ചികം പിറക്കും. സ്ഫടികസമാനമായ തെളിനീരുമായെത്തി പമ്പാ ഇറിഗേഷൻ കനാലും ഞങ്ങളുടെ നാട്ടിൻപുറത്തെയാകെ വൃശ്ചികത്തിന്റെ വരവറിയിക്കും. ആറ് അൽപം അകലെയായതിനാൽ അന്നുമുതൽ കനാലിലാകും മിക്കവരുടെയും കുളിയും നനയും. അത്, മുൻപു പറഞ്ഞതുപോലെ കനാൽ സ്ഫടികതുല്യമായ ജലം എത്തിച്ചിരുന്ന കാലമാണ്; ഇന്നത്തേതുപോലെ വലിച്ചെറിയുന്ന മാലിന്യം കൂനയായി ഒഴുകിയെത്തി കനാലിൽ ചങ്ങാടം തീർത്തിരുന്നില്ല. ഇന്നിതാ, കടവുകളില്ലാതായി, ആൾസഞ്ചാരമകന്ന് കനാലിനെ കാടുപൊതിഞ്ഞിരിക്കുന്നു. എങ്കിലും കാലം കൊണ്ടുവരുന്ന ഇത്തരം മാറ്റങ്ങളൊന്നും വൃശ്ചികത്തിന്റെ വരവിലും തീർഥാടനകാലത്തിന്റെ അലൗകികാനന്ദത്തിലും പ്രതിഫലിക്കുന്നില്ല എന്നത് ആഹ്ലാദദായകമായ ആശ്ചര്യംതന്നെ.