ജോലി തേടി ഗൾഫിൽ, ഇന്ന് തൊഴിൽ നൽകുന്നത് 7000 പേർക്ക്; ദുബായ് വിമാനത്താവളം ‘പൊളിച്ച’ മലയാളി; അലിവാണ് സാലിഹ്
Mail This Article
സത്യത്തിൽ ഇതു ദൈവം കാത്തുവച്ച സമ്മാനമാണെന്നു പറയാം. വിശക്കുന്നവരുടെയും വീടില്ലാത്തവരുടെയും വസ്ത്രത്തിനും ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെയും കൂടെ നിൽക്കുകയാണു പടച്ചോനിലേക്കുള്ള വഴിയെന്നു തിരിച്ചറിഞ്ഞ ചന്ദനപ്പറമ്പു തറവാട്ടിൽ സി.പി.മുഹമ്മദിനു ദൈവം നൽകിയ സമ്മാനം. അദ്ദേഹം അതു കാണാൻ ഇവിടെയില്ലെന്നു മാത്രം. തൃശൂർ വലപ്പാട്ടെ നാൽപതോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തിട്ടാണു മുഹമ്മദ് സ്വർഗത്തിലേക്കു പോയത്. എത്രയോ കുടുംബങ്ങളുടെ കണ്ണീരിനു താങ്ങായി മുഹമ്മദ് നിന്നു. പട്ടിണി നിർത്താതെ പെയ്ത കർക്കിടക മാസത്തിൽ തീരദേശത്തു കഞ്ഞിവച്ചു കൊടുത്തു. അവരുടെ കുട്ടികൾക്കു സ്കൂളുണ്ടാക്കി കൊടുത്തു, ആവശ്യമുള്ളവർക്കെല്ലാം വീടുവച്ചു കൊടുത്തു. പണമില്ലാതെ ഒരു കല്യാണവും മുടങ്ങില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എൺപത്തിനാലാം വയസ്സിൽ മരിക്കുമ്പോൾ സി.പി.മുഹമ്മദ് പൂർണ സന്തോഷവാനായിരുന്നു. കാരുണ്യം കൊണ്ടു നിറഞ്ഞ ജീവിതം. പത്തു ദിവസത്തിനു ശേഷം ഭാര്യ ഫാത്തിമയും മരിച്ചു. പക്ഷേ, സി.പി.മുഹമ്മദ് തുറന്നിട്ട കാരുണ്യത്തിന്റെ ആ വഴി അവിടെ തീർന്നില്ല, അതു തുടരാനുള്ള നിയോഗം മകൻ സാലിഹിനായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വഴികളിലേക്കാണ് പിന്നെ സാലിഹ് നടന്നു കയറിയത്.