നൂറടി മുതൽ കൈവെള്ളയിൽ ഒതുങ്ങുന്നതു വരെയുള്ള ‘കുതിര’കൾ; വലിയവനും ചെറിയവനും ഒന്നാകുന്ന കുത്തിയോട്ടം; ഇത് ചെട്ടികുളങ്ങരയുടെ കഥ
Mail This Article
ഓരോ ചെട്ടികുളങ്ങരക്കാരനിലും പൂവിൽ തേൻ എന്നതുപോലെ ജനനം മുതൽ ഉറകൂടുന്ന കാര്യങ്ങളാണ് കുംഭഭരണി, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ. പൂവിൽ തേൻ എന്നു പറഞ്ഞാൽ പക്ഷേ ചെട്ടികുളങ്ങരക്കാർ തിരുത്തും, എള്ളിൽ എണ്ണ എന്നു പറയുന്നതാവും കൂടുതൽ ശരി എന്ന്. ഒരുകാലത്ത് കേരളത്തിൽ ഏറ്റവുമധികം എള്ള് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര. അതുകൊണ്ടാണ് സുഖമില്ലാതെ കിടക്കുന്ന കാരണവന്മാരും കുംഭഭരണിക്കാലമാണെങ്കിൽ അടുത്തിരിക്കുന്നവരോട് ചോദിക്കുന്നത്, ‘‘ഇടക്കൂടാരം കെട്ടിയോ, പ്രഭട കേറ്റിയോ’’ എന്നൊക്കെ. (അതൊക്കെ കുതിരകെട്ടിന്റെ വിവിധ ഘട്ടങ്ങളാണ്). കാരണം, ജീവൻ വച്ച നാൾ മുതൽ അവരുടെയൊക്കെ ജീവൻ അവിടെക്കിടക്കുകയാണ്. അടുക്കളയിൽ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരും കൂടെക്കൂടെ ഇങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരിക്കും, ‘‘ചട്ടം കൂട്ടിയോ മേൽക്കൂടാരം ആയിട്ടുണ്ടോ’’ എന്നൊക്കെ. ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ അവിടുത്തുകാർ കൂടെക്കൂടെ കുംഭഭരണിയുടെ തയാറെടുപ്പുകളെന്തായി എന്ന് ചോദിച്ചും പറഞ്ഞുമിരിക്കും. (സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നത്.