‘മൃഗങ്ങൾ കാടിറങ്ങുന്നതിന് ആശങ്കപ്പെടുത്തുന്ന ഒരു കാരണമുണ്ട്; കാട്ടിലെ പൂവിൽ വരെ വിഷം; കയ്യേറ്റക്കാരിൽ ‘കമ്യൂണിസ്റ്റ്, കോൺഗ്രസ് പച്ച’യും
Mail This Article
റബർ ടാപ്പിങ്ങിനിറങ്ങുമ്പോൾ ആന അടിച്ചു വീഴ്ത്തുമോ? പാൽ വിൽക്കാനിറങ്ങുമ്പോൾ പുലി ആക്രമിക്കുമോ? കൃഷിയിടത്തിലിറങ്ങിയാൽ കാട്ടുപന്നിക്കൂട്ടം കടന്നാക്രമിക്കുമോ? എന്തിനേറെ പറയുന്നു, മൃഗങ്ങളുടെ ആക്രമണം ഭയന്ന് സ്വന്തം വീടിനു പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് ഇന്നു ജനം. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കാടിറങ്ങുന്ന മൃഗങ്ങൾ മാത്രം. ഫെബ്രുവരി ആദ്യവാരത്തിൽ നാട്ടിലിറങ്ങിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത സങ്കടകരമായെങ്കിലും പിന്നാലെയെത്തിയ മഖ്നയെന്ന മോഴയാന മാനന്തവാടിയിൽ അജീഷെന്ന കുടുംബനാഥനെ ചവിട്ടിയരച്ചപ്പോൾ നടുങ്ങിയത് നാടാണ്. വന്യമൃഗ ഭീതിയിലാണ് കേരളത്തിലുടനീളമുള്ള മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ. കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമല്ല മറ്റു കൃഷിയിടങ്ങളിലേക്കും മൃഗങ്ങൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. ആനയും കടുവയും പുലിയും കാട്ടുപന്നിയും തുടങ്ങി കുരങ്ങും മലയണ്ണാനും വരെ മനുഷ്യരുടെ ജീവിതത്തിൽ പ്രതിസന്ധികളായി മാറുന്ന കാഴ്ചകളാണ് ദിവസവും കാണുന്നത്. ഈ പ്രശ്നം എങ്ങനെ നേരിടുമെന്നറിയാതെ മേഖലയിലെ ജനങ്ങൾ പകച്ചു നിൽക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനം പതിവാകുമ്പോൾ പോരാട്ടത്തിൽ പൊലിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം ദിവസം തോറും വർധിക്കുന്നതല്ലാതെ ഇതിനൊരു ശാശ്വതപരിഹാരം എന്ന ലക്ഷ്യം ഇന്നും അകലെ.