അരിമ്പാറയും പാടുകളും ശ്രദ്ധിക്കണം, ഈ കാൻസർ കൂടുതൽ ഇന്ത്യയിൽ; ‘പൂനത്തിന് തമാശ, ഞങ്ങൾക്കിത് വേദന’
Mail This Article
‘സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു’ എന്ന് പോസ്റ്റിട്ട് ആദ്യം ഞെട്ടിച്ചത് ബോളിവുഡ് നടി പൂനം പാണ്ഡെയായിരുന്നു. ഫെബ്രുവരി 2ന് ‘മരിച്ച’ പൂനം പക്ഷേ ദിവസങ്ങൾക്കകം ‘പുനർജനിച്ചു’. സെർവിക്കൽ (ഗർഭാശയമുഖ) കാൻസറിനെതിരെ ബോധവൽക്കരണം നടത്താനും വാക്സീൻ എടുക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് ‘മരണ പോസ്റ്റി’ട്ടത് എന്നായിരുന്നു പൂനത്തിന്റെ വാദം. എന്തായാലും തട്ടിപ്പുമരണം നടത്തിയതിന് കേസും കൂട്ടവുമായി നടക്കുകയാണ് പൂനം ഇപ്പോൾ. അടുത്ത ഞെട്ടൽ ഫെബ്രുവരി 22നായിരുന്നു. ഹിന്ദി ടെലിവിഷൻ താരം ഡോളി സോഹിയെ ശ്വാസതടസ്സം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സെർവിക്കൽ കാൻസര്‍ സ്ഥിരീകരിച്ച് സീരിയലുകളിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ‘പൂനത്തെപ്പോലുള്ള താരത്തിന് ഇതെല്ലാം തമാശയായിരിക്കും, പക്ഷേ കാൻസർ വേദന അനുഭവിക്കുന്ന ഞങ്ങൾക്ക് അങ്ങനെയല്ല’ എന്നാണ് ‘മരണ വിവാദ’മുണ്ടായ സമയത്ത് ഡോളി രൂക്ഷമായി പ്രതികരിച്ചത്. ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും സെർവിക്കൽ കാൻസർ ബാധിച്ച് ഒരു സ്ത്രീ വീതം മരിക്കുന്നു എന്നാണു കണക്ക്. ലോകത്താകമാനമുള്ള കണക്കെടുത്താൽ ഏറ്റവുമധികം സെർവിക്കൽ കാൻസർ രോഗികൾ ഉള്ളതും ഇന്ത്യയിൽത്തന്നെ. അതായത് ആകെ സെർവിക്കൽ കാൻസർ രോഗികളുടെ 25 ശതമാനത്തിലധികവും ഇന്ത്യയിലാണ്.