മരുഭൂമിയിൽ പച്ചപ്പ് തേടിയ മലയാളി നേടിയത് കുപ്പിയിൽ ഒളിപ്പിച്ച നിധി; സാഹോദര്യത്തിന്റെ വഴികാട്ടി സസ്യങ്ങൾ
Mail This Article
കേരളത്തിന്റെ പച്ചപ്പിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന ഏതൊരു പ്രവാസിയുടെയും മനസ്സിൽ വീശിയടിക്കുന്ന വല്ലാത്ത ഒരു ഉഷ്ണക്കാറ്റുണ്ടാകും. ചുറ്റുമുണ്ടായിരുന്ന നനുത്ത പ്രകൃതിയിൽ നിന്ന് തീച്ചൂളയിലേക്ക് കാലെടുത്തു വയ്ക്കേണ്ടി വരുമ്പോഴുള്ള വിങ്ങലും. എന്നാൽ, ഗൾഫ് രാജ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന മികച്ച ഭൗതിക സൗകര്യങ്ങൾക്കിടയിൽ ഇത്തരം പ്രയാസങ്ങളെല്ലാം മനഃപൂർവം മറന്നു പോവുകയാണ് പതിവ്. എന്നാൽ, അത്തരത്തിലുള്ള പൊരുത്തപ്പെടലുകളോട് പൊരുത്തപ്പെടാൻ കഴിയാതെ പോയ ഒരാളുടെ കഥയാണിത്. കിരൺ കണ്ണൻ എന്ന ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ കഥ. 20 വർഷത്തോളമായി യുഎഇയിലുള്ള കിരൺ ശാസ്ത്ര ലേഖകൻ, പരിസ്ഥിതി സ്നേഹി അങ്ങനെ പല വിശേഷണങ്ങൾക്ക് ഉടമയാണ്... ജോലി ചെയ്യുന്നത് ഇൻഷുറൻസ് മേഖലയിൽ ആണെങ്കിലും ചരിത്രപരവും ജൈവശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ വിഷയങ്ങളുടെ ദൃശ്യ വിവരണങ്ങൾ തയാറാക്കുന്നത് പതിവാക്കിയിട്ടുള്ള കിരൺ, ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും ഒട്ടേറെ വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഹൈക്കിങ് (മലനടത്തം) ആണ് കിരണിന്റെ മറ്റൊരു ഇഷ്ട വിനോദം. കേരളത്തിന് സമാനമായ പ്രകൃതി ദൃശ്യം ഗൾഫ് രാജ്യങ്ങളിലും ഒരുക്കാൻ ശ്രമിക്കുന്ന കിരൺ അതിനായി കൂട്ടുപിടിക്കുന്നതും ശാസ്ത്രത്തിന്റെ സാധ്യതകൾ തന്നെയാണ്.