തലച്ചോറിൽ മസ്ക് ഒളിപ്പിച്ച അദ്ഭുതം, ഇത് ചിന്തകളെ പിടിച്ചെടുക്കും ചിപ്: ലോകം കീഴടക്കുമോ ന്യൂറാലിങ്ക്?
Mail This Article
ന്യൂറാലിങ്ക്: ഈ പേര് നിങ്ങൾ അടുത്തിടെ കേട്ടിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ, സമീപഭാവിയിൽ ഈ പേരിങ്ങനെ നിറഞ്ഞു നിൽക്കും.നമ്മുടെ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും വാർത്തകളിലുമെല്ലാം ന്യൂറാലിങ്ക് ഉടനെ അവഗണിക്കാനാകാത്ത വാക്കാകും. അതിനു കാരണം ഈ പേരിലുള്ള സാങ്കേതികവിദ്യയുടെ തലപ്പത്തുള്ള ആളാണ്. ഇലോൺ മസ്ക്. ലോക സമ്പന്നൻ. ടെസ്‌ല, എക്സ് (പഴയ ട്വിറ്റർ) ഇങ്ങനെ പല കാര്യങ്ങൾ ഈ പേരിനൊപ്പം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. അതിനൊപ്പം ഇനി ന്യൂറാലിങ്ക് എന്നുകൂടി ഓർത്തുവയ്ക്കാം. പകൽ കിനാവ് എന്നു പറഞ്ഞു തള്ളുന്ന സങ്കൽപങ്ങളെ ശാസ്ത്രത്തിന്റെയും അളവറ്റ സമ്പത്തിന്റെയും സഹായത്തോടെ പ്രാവർത്തികമാക്കാൻ ആണ് മസ്ക് ശ്രമിക്കുന്നത് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. പലതും ഇത്തരത്തിൽ ശാസ്ത്രനോവലുകളും സീരിയലുകളും സിനിമകളുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് എന്നു മസ്ക് തന്നെ പറയാറുമുണ്ട്. അത്തരത്തിൽ, കേട്ടാൽ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് മസ്ക് അടുത്തിടെ പുറത്തുവിട്ടത്. മസ്തിഷ്കത്തെ ബാധിക്കുന്ന അസുഖങ്ങൾ കൊണ്ട് കിടപ്പിലായിപ്പോയവരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ന്യൂറാ ലിങ്ക്. ഒറ്റ രൂപ നാണയത്തിന്റെ വലുപ്പമുള്ള ഒരു ചിപ് ആണ് പ്രധാന ഉപകരണം. ഇത് തലച്ചോറിൽ ഘടിപ്പിച്ച്, അതിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ വഴി കംപ്യൂട്ടർ പ്രവർത്തിപ്പിക്കാമെന്നാണ് മസ്കിന്റെ കമ്പനിയുടെ കണ്ടെത്തൽ.