അഞ്ചിലൊരാൾക്ക് കാൻസർ: കീമോതെറപ്പിക്കും റേഡിയേഷനും പകരം ഇനി 100 രൂപ ഗുളിക? രക്ഷയാകാൻ റഷ്യൻ വാക്സീനും
Mail This Article
ആർടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ബഹുദൂരം മുന്നോട്ടു പോയെങ്കിലും വൈദ്യശാസ്തം ഇന്നും മുട്ടുമടക്കുന്ന മഹാമാരിയാണ് കാൻസർ. രോഗനിർണയത്തിലും ചികിത്സയിലും അതിജീവനത്തിലും ഇനിയും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങൾ ബാക്കിയാക്കുന്ന കാൻസർ ഇന്നും സമൂഹത്തിന്റെ പേടിസ്വപ്നമാണ്. അതുകൊണ്ടാണ് അടുത്തിടെ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററില്‍ നിന്നു കേട്ട അമ്പരപ്പിക്കുന്ന ഒരു വാർത്ത രോഗികൾക്കും കാൻസർ ചികിത്സാരംഗത്തെ ഡോക്ടർമാർക്കും വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുന്നത്. കാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ ഗുളിക വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ. കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ ഈ ‘അദ്ഭുത ഗുളിക’യ്ക്കു സാധിക്കുമെന്നാണ് രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ പറയുന്നത്. റേഡിയേഷൻ, കീമോതെറപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ പകുതിയാക്കി കുറയ്ക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേവലം 100 രൂപ മാത്രം ചെലവു വരുന്ന ഒരു ഗുളിക കഴിച്ചാൽ രോഗത്തെ പ്രതിരോധിക്കാമെന്ന അവകാശവാദത്തെ സംശയത്തോടെയും ആശങ്കയോടെയുമാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്. 10 വർഷമെടുത്താണ് മരുന്നു വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയൽ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്‌വെ പറയുമ്പോഴും ഗുളിക കഴിച്ചാൽ കാൻസർ വീണ്ടും വരില്ലെന്നതിന് എന്താണ് ഉറപ്പെന്നാണ് രോഗികളുടെ മറുചോദ്യം. അതേസമയം, ഗവേഷകർ അവകാശപ്പെടുന്നത് യാഥാർഥ്യമായാൽ ലോകമൊട്ടാകെയുള്ള കാൻസർ രോഗികളുടെ ഇരുളടഞ്ഞ ജീവിതത്തിലേയ്ക്ക് പുതിയ പ്രതീക്ഷയായിരിക്കും തുറന്നുകിട്ടുക.