ആഴ്ചതോറും ആ കരുതലിൻ ദിനം: ഇവിടെയില്ല മതവും രാഷ്ട്രീയവും; ഇതാ, പാണക്കാട്ടെ ‘ജനതാ ദർബാർ’– വിഡിയോ
Mail This Article
പാണക്കാട്. മലപ്പുറം നഗരത്തോടു ചേർന്നു കടലുണ്ടിപ്പുഴയോരത്തെ കൊച്ചു ഗ്രാമം. പതിറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിന്റെ മേൽവിലാസവും പാണക്കാടാണ്. അര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണ്. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾ കടന്ന് ആത്മീയ നേതാക്കളെന്ന നിലയിൽ എല്ലാവരുടെയും ആദരം പിടിച്ചു പറ്റുന്നുവെന്നതാണ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പ്രധാന പ്രത്യേകത. ജനഹൃദയങ്ങളിൽ അവർക്കുള്ള സ്ഥാനത്തിന്റെ അടയാളം എല്ലാ ചൊവ്വാഴ്ചയും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകളിൽ നേരിട്ട് കാണാം. പാണക്കാട് തങ്ങന്മാരെ നേരിട്ടു കണ്ട് സങ്കടം പറയാനും വിശേഷങ്ങൾക്ക് ക്ഷണിക്കാനും കുടുംബത്തിലെ സന്തോഷം പങ്കിടാനും നൂറു കണക്കിനാളുകളാണ് പാണക്കാട്ടെ ‘ജനതാ ദർബാറി’ലെത്തുന്നത്. മൂന്നു നൂറ്റാണ്ടു മുൻപ് അറേബ്യയിലെ യെമനിൽ നിന്നാണു സയ്യിദ് (തങ്ങൾ) വംശം ആദ്യമായി കേരളത്തിൽ എത്തിയത്. ഹിജ്റ വർഷം 1181ൽ വളപട്ടണത്താണ് അലി ശിഹാബുദ്ദീൻ തങ്ങൾ എത്തിയത്. അദ്ദേഹത്തിനു മകൻ ഹുസൈനിലൂടെയാണു ഗോത്രം വളർന്നത്.