ആ വിശുദ്ധൻ പാറയിൽ വരച്ച പൊൻകുരിശ്, ഒരിക്കലും വറ്റാത്ത അദ്ഭുത കിണർ; വിസ്മയങ്ങൾ അണയാതെ മലയാറ്റൂര്‍
Mail This Article
‘മലയാറ്റൂർ മുത്തപ്പാ... പൊൻമലകയറ്റം’ എന്ന് വിശ്വാസികൾ മനംനൊന്ത് വിളിക്കുമ്പോൾ അങ്ങകലെ ഗോണ്ടഫാർ ചക്രവർത്തിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. അതൊരു പുണ്യനിയോഗമായിരുന്നു. ഇന്തോ- പാർഥിയൻ സാമ്രാജ്യത്തിലെ പ്രഗത്ഭനായ ഗോണ്ടഫാർ ഒന്നാമൻ രാജാവിന്റെ ചരിത്ര നിയോഗം മാർത്തോമ ശ്ലീഹായെ ഇന്ത്യയിൽ എത്തിക്കുക എന്നത് ആയിരിക്കണം. അല്ലെങ്കിൽ ഗോണ്ടഫാറിന്റെ കൊട്ടാരം നിർമിതിക്ക് നല്ലൊരു ശിൽപിയെ തേടിവന്ന കപ്പലിൽ തോമാ ശ്ലീഹ എങ്ങനെ കയറാനാണ്. അങ്ങനെ നോക്കിയാൽ ഹാബാൻ എന്ന യഹൂദ വാണിക്കിന്റെ കപ്പലും അതിൽ തോമശ്ലീഹായുടെ യാത്രയും വിശ്വാസ സമൂഹത്തിന് നൽകിയത് മലയാറ്റൂർ തീർഥാടന കേന്ദ്രമാണ്. ക്രൈസ്തവർ ഏറെ വിശ്വാസത്തോടെ ആചരിക്കുന്ന വലിയ നോമ്പ് ആഴ്ചകളിലാണ് മലയാറ്റൂരിലേക്ക് പ്രധാനമായും തീർഥാടകർ എത്തിത്തുടങ്ങുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾ നാവിൽ ‘മലയാറ്റൂർ മുത്തപ്പാ പൊൻമല കയറ്റം’ എന്ന ശരണമന്ത്രവുമായി എത്തുമ്പോൾ മലയാറ്റൂർ ശബ്ദമുഖരിതമാകും. ഈസ്റ്റർ കഴിഞ്ഞുവരുന്ന പുതുഞായർ ആണ് മലയാറ്റൂർ മലകയറ്റത്തിന് തീർഥാടകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. പെരിയാറിന്റെ തീരത്തെ മലയാറ്റൂർ മലയിലേക്ക് തോമാ ശ്ലീഹാ എത്തിയത് എങ്ങനെയാണ്? മലനിരകൾ താണ്ടി ക്രൈസ്തവ സമൂഹം മുത്തപ്പനെ കാണാൻ എത്തുന്നത് എന്തു കൊണ്ടാണ് ? അദ്ഭുത പ്രവൃത്തികളുടെ ആലയമായി മലയാറ്റൂർ കുരിശുമുടി മാറിയതെങ്ങനെയാണ്? വിശദമായറിയാം.