ജൂഹി ചാവ്ലയുടെ അവസ്ഥയിലായ ബട്ടർ ചിക്കൻ! ‘ചുട്ട കോഴിപ്പോര്’ അഥവാ ഒരു കറിയുടെ പേരിലെ അടി
Mail This Article
ഇന്ന് ഇന്ത്യൻ വേരുകളുള്ള ലോകരാജ്യങ്ങളിലെല്ലാം പല ഭാവത്തിലും രൂപത്തിലും ഭക്ഷണ പ്രേമികളുടെ ഇഷ്ടവിഭവമായി ബട്ടർ ചിക്കനുണ്ട്. ബട്ടർ ചിക്കൻ പീറ്റ്സ, ബട്ടർ ചിക്കൻ ബിരിയാണി, ബട്ടർ ചിക്കൻ ക്രൂസിയാന്റെ... അങ്ങനെ കോഴിയായി ജനിച്ചതിൽ ഓരോ കഷ്ണത്തിനും അഭിമാനം തോന്നുന്ന വിധം പലതരം വിഭവങ്ങളായി ബട്ടർ ചിക്കന്റെ പട്ടിക നീണ്ടു പോകുന്നു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ പരതുന്നൊരു വിഭവം കൂടിയാണ് ബട്ടർചിക്കൻ. ഒരു മാസം ശരാശരി നാലു ലക്ഷത്തിലേറെ സേർച്ചാണു ബട്ടർ ചിക്കൻ എന്ന പേരിൽ ഇന്റർനെറ്റിൽ ആളുകൾ തിരയുന്നത്. കടന്നു പോയ കാലങ്ങളിൽ ഒട്ടേറെത്തവണ ബട്ടർ ചിക്കൻ എന്ന വിഭവത്തെ പാചക പരീക്ഷകർ പലരൂപത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഒരു സുപ്രധാന ഇന്ത്യൻ വിഭവമായി മെനുവിൽ ഇടംപിടിച്ച ദാൽ മഖനിയും ബട്ടർചിക്കനും പെഷാവറിലെ ഒരു ചെറിയ റസ്റ്ററന്റിന്റെ കണ്ടുപിടിത്തമായിരുന്നു എന്നതാണ് പ്രചാരത്തിലുള്ള ചരിത്രം.