എങ്ങനെ കൈവിടാൻ തോന്നി ആ 2 ക്യാച്ചുകൾ! പഞ്ചാബിന് ‘ഹരം’ 200; കാണികളും കയ്യടിച്ചു: ‘സായ് ഒരു മാന്യനാണ്’
Mail This Article
എത്ര ഉയർന്നു പറന്ന ലക്ഷ്യത്തെയും പിന്നാലെ പാഞ്ഞു ചെന്ന് കൊത്തിയെടുക്കാൻ പഞ്ചാബിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല, അത് അവരുടെ രക്തത്തിൽതന്നെയുള്ള കാര്യമാണ്. ലോക പുരുഷ ട്വന്റി20 ക്രിക്കറ്റിൽതന്നെ 200 റൺസിനു മുകളിലുള്ള ലക്ഷ്യത്തിന് പിന്നാലെ പാഞ്ഞ് വിജയം സ്വന്തമാക്കുന്ന കാര്യത്തിൽ ഒന്നാമതുള്ള ടീമാണ് പഞ്ചാബ് കിങ്സ്. ഗുജറാത്തിനെതിരായ വിജയത്തോടെ ഇക്കാര്യത്തിലെ മേൽക്കോയ്മ അവർ അരക്കിട്ടുറപ്പിച്ചു. 6 മത്സരങ്ങളിലാണ് 200 റൺസോ അതിനു പുറത്തോ ഉള്ള ലക്ഷ്യം പഞ്ചാബ് വിജയകരമായി പൂർത്തിയാക്കിയത്. മുന്നിലുള്ളത് വലിയ ലക്ഷ്യം, പിന്തുടർന്നത് ഒരേ പാതയിൽ, ഒടുവിൽ വിജയം സ്വന്തമാക്കിയത് മുടിനാരിഴ വ്യത്യാസത്തിൽ. ഐപിഎൽ 17–ാം സീസണിലെ ഏറ്റവും വിജയകരമായ റൺ ചേസ് നടത്തിയ പഞ്ചാബ് കിങ്സിന്റെ കഥയാണിത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മുന്നോട്ടുവച്ച 200 റൺസ് എന്ന ലക്ഷ്യത്തിലേയ്ക്ക് മത്സരത്തിന്റെ ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധയോടെയാണ് പഞ്ചാബ് ബാറ്റ് വീശിയത്. ഗുജറാത്ത് 5.4 ഓവറിൽ (34 പന്തുകൾ) 50 റൺസ് പൂർത്തിയാക്കിയപ്പോൾ പഞ്ചാബ് 50 റൺസ് പൂർത്തിയാക്കിയത് 5.4 ഓവറിൽ (34 പന്തുകൾ) നിന്നുതന്നെ. ഗുജറാത്തിന് 6 എക്സ്ട്രാ റൺസിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ, പഞ്ചാബിന് ഉണ്ടായിരുന്നത് ഒരു എക്സ്ട്രാ റൺ മാത്രമായിരുന്നു എന്നത് മാത്രമാണ് ഏക വ്യത്യാസം.