അന്ന് കോവിഡ് വാക്സീൻ എടുത്തത് കുഴപ്പമാകുമോ? പാർശ്വ ഫലങ്ങൾ ഉണ്ടെന്ന് മരുന്നു കമ്പനി! ഇനി ആശങ്ക വേണ്ട
Mail This Article
‘കോവിഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകാം’. കോവിഷീൽഡ് വാക്സീൻ നിർമാതാക്കളായ ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പാർശ്വ ഫലങ്ങൾ സംബന്ധിച്ച ഈ വെളിപ്പെടുത്തൽ. ചില സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കാമെന്നും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയാമെന്നുമാണ് പ്രസ്തുത ഫാർമ കമ്പനിയുടെ റിപ്പോർട്ട്. കോവിഡ് വ്യാപനസമയത്ത് രണ്ടു ഡോസ് കോവീഷീൽഡ് വാക്സീൻ എടുത്തവരാണ് കേരളത്തിലെയും ഭൂരിപക്ഷം പേരും. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇതു സംബന്ധിച്ച സംശയങ്ങൾ സമൂഹത്തിൽനിന്ന് മാറിയിട്ടില്ലെന്നതാണ് സത്യം. കോവിഡിന് ശേഷം പലർക്കും പലതരം അസുഖങ്ങളും രോഗലക്ഷണങ്ങളും വന്നതോടെ കോവിഡിന്റെ അനന്തര ഫലങ്ങളും വാക്സീന്റെ പാർശ്വഫലങ്ങളും സംബന്ധിച്ച് ആശങ്കകളും അഭ്യൂഹങ്ങളും ഉയര്‍ന്നു. അതിനിടെയാണ് അസ്ട്രാസെനകയുടെ വെളിപ്പെടുത്തൽ. കോവിഡ് സംബന്ധിച്ച ഇത്തരം ആശങ്കകൾ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് മനോരമ ഓൺലൈൻ കേരള ആരോഗ്യ സർവകലാശാലയുടെ സഹായത്തോടെ അവസരം ഒരുക്കിയത്. മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കമന്റ് ബോക്സിൽ സംശയങ്ങൾ രേഖപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇതുവരെ നൂറോളം പേർ തങ്ങളുടെ പ്രശ്നങ്ങളും സംശയങ്ങളും അറിയിച്ചിരുന്നു. ഈ ചോദ്യങ്ങളിൽ പൊതു സ്വഭാവം ഉള്ളവ ഒഴിവാക്കി തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ആരോഗ്യ സർവകലാശാല പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം നൽകിയ മറുപടികളാണ് ഇനി. ‘‘കോവിഡ് വാക്സീൻ നൽകിയത് മൂലമാണ് കോവിഡിൽനിന്ന് അനേകം പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളോ വാക്സീനുകളോ ഇല്ല. വളരെ ഗൗരവമേറിയ ഒരു രോഗബാധാ സാഹചര്യത്തിൽ വളരെ പാർശ്വഫലം കുറഞ്ഞും അതേസമയം രോഗങ്ങൾക്കെതിരെ മികച്ച ഫലം നൽകുന്നതുമായ വാക്സീനുകളാണ് ഗവേഷണത്തിലൂടെ കണ്ടെത്തുന്നത്.