പത്തുവരിപ്പാതയിൽ ഇഴഞ്ഞ് നവകേരള ‘മ്യൂസിയം ബസ്’; യാത്രയിൽ വേണോ ഇത്രയും ആഡംബരം! ‘കാരവനാക്കിയാലോ..’
Mail This Article
ഒടുവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രവചനം സത്യമായി. നവകേരള ബസ് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ മ്യൂസിയത്തിൽ വച്ചാൽ ടിക്കറ്റ് എടുത്ത് ആളുകൾ കാണാൻ വരുമെന്ന് എ.കെ. ബാലൻ ‘കണ്ടെത്തി’യിരുന്നു. ആദ്യയാത്രയിലെ 25 യാത്രക്കാരിൽ 15 പേരും ബസിൽ യാത്ര ചെയ്യണമെന്ന ആഗ്രഹംകൊണ്ട് മാത്രം കയറിയതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം മുഴുവൻ സഞ്ചരിച്ച ബസ്, പൊതുജനങ്ങൾക്കായി ആദ്യം നടത്തുന്ന സർവീസിൽ പോകണമെന്ന് ആഗ്രഹിച്ചവർ നിരവധി. മൂന്ന് പേർ ഈ ബസിൽ ബെംഗളൂരുവിൽ പോയി ഇതേ ബസിൽ തിരിച്ചു പോന്നു. പുലർച്ചെ നാല് മണിക്കാണ് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ടിയിരുന്നത്. ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർ ചുറ്റിലും കൂടി, ഫോട്ടോ എടുക്കലായി. മുൻവശത്താണ് ലിഫ്റ്റുള്ള ഡോർ ഉള്ളത്. ഡോർ കാണുന്നതിനും കൗതുകത്തോടെ നിരവധിപ്പേർ എത്തി. മേയ് അഞ്ചിനാണ് നവകേരള ബസിന്റെ കോഴിക്കോട്– ബെംഗളൂരു സർവീസ് ആരംഭിച്ചത്. ബസ് ഗുണ്ടൽപേട്ട് എത്തിയപ്പോൾ ചായ കുടിക്കാൻ നിർത്തി. ഇതേ ഹോട്ടലിന്റെ പരിസരത്ത് കേരളത്തിലേക്കുള്ള വേറെയും കെഎസ്ആർടിസി ബസുകളുണ്ടായിരുന്നു. ഇതിലുള്ള യാത്രക്കാർ കൗതുകം മൂത്ത് നവകേരള ബസിന്റെ അകം കാണാൻ കയറി. ബസിന്റെ പ്രധാന ആകർഷണമായിരുന്ന ശുചിമുറിയായിരുന്നു പലർക്കും കാണേണ്ടിയിരുന്നത്. ആദ്യം കയറിയ സ്ത്രീ കയറിയതിനേക്കാൾ വേഗത്തിൽ തിരിച്ചിറങ്ങി. പുറകെ വന്ന ആരെയും കയറാൻ അനുവദിച്ചതുമില്ല.