‘അക്രമിയുടെ ലക്ഷ്യം വന്ദനയായിരുന്നില്ല; ആ നിമിഷം എന്റെ ജീവനെക്കുറിച്ച് ചിന്തിച്ചില്ല; മരണം വരെ മറക്കില്ല അവളുടെ നിലവിളി’
Mail This Article
ആ രാത്രിയെക്കുറിച്ചോർക്കാൻ ഷിബിന് ഇപ്പോഴും പേടിയാണ്. പതിവുപോലെ അന്നും സഹപ്രവർത്തകരോടെല്ലാം ചിരിച്ചു വർത്തമാനം പറഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് ചെറുപുഞ്ചിരിയോടെ അവളും അടുത്തുണ്ടായിരുന്നു. പക്ഷേ മണിക്കൂറുകൾക്കകം ആ ചിരിക്കുന്ന മുഖത്ത് ചോര പടർന്നു. പ്രതിരോധിക്കാനാകാതെ, ഉറക്കെയൊന്നു കരയാൻ പോലുമാകാതെ അർധപ്രാണയായി അവൾ കിടന്നു. ഒടുവിൽ മറ്റേതോ ലോകത്തിലേക്ക് നിശബ്ദയായി മടങ്ങി. വൈദ്യപരിശോധനയ്ക്കെത്തിച്ചയാളുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടർ വന്ദന ദാസിന്റെ ഓർമകൾക്ക് മേയ് 10ന് ഒരു വയസ്സ് തികയുകയാണ്. അക്രമിയുടെ കത്തിമുന അവളുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഡോ.മുഹമ്മദ് ഷിബിന് മനസ്സിൽ ആയിരം കുത്തുകൾ ഒരുമിച്ചേൽക്കുകയായായിരുന്നു. പ്രതി സന്ദീപിന്റെ ആക്രമണത്തിൽ പിടഞ്ഞുവീണ സുഹൃത്തും സഹപ്രവർത്തകയുമായ വന്ദനയെ വാരിയെടുത്ത് സ്വകാര്യ ആശുപത്രിയിലേക്കു പായുമ്പോഴും ഷിബിന് പ്രതീക്ഷയുണ്ടായിരുന്നു, തന്റെ കൂട്ടുകാരി മടങ്ങിവരുമെന്ന്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നുപോയ ആ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ ഡോ.മുഹമ്മദ് ഷിബിന് വാക്കുകൾ ഇടറുന്നുണ്ട്, കണ്ണുകൾ നിറയുന്നുണ്ട്. വന്ദനയുടെ ഓർമകളുമായി ഡോ.മുഹമ്മദ് ഷിബിൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.