നാലു നേരം കുളിക്കുന്ന പന്നികളും കഴുകുന്ന കൂടുകളും, തീറ്റ നൽകാതെ വളരുന്ന കാളാഞ്ചി, ഫ്രീസറിൽനിന്നെത്തുന്ന ഭക്ഷണാവശിഷ്ടങ്ങൾ– ഗോവയിലെ അസനോറയിൽ മലയാളിയായ അനിതാ വള്ളിക്കാപ്പൻ നടത്തുന്ന ബ്ലൂ ഹാർവസ്റ്റ് ഫാം ഒന്നു വേറെത്തന്നെയാണ്. അങ്ങനെ പറയാൻ ഇനിയുമുണ്ട് കാരണം. വില കൊടുത്തു വാങ്ങിയ വളമോ തീറ്റയോ തീരെ നൽകാതെ 13 ഉൽപന്നങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കു ന്നത്-അതായത്, സീറോ ഇൻപുട്ട് പ്രൊഡക്‌ഷൻ. പാൽ, മുട്ട, മാംസം, മത്സ്യം, ബയോഗ്യാസ്, കംപോസ്റ്റ്, പൈനാപ്പിൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ഉൽപന്നശ്രേണി. ഭക്ഷണാവശിഷ്ടങ്ങളെ മൂല്യമേറിയ ഭക്ഷ്യവസ്തുക്കളാക്കുന്ന ഭക്ഷ്യ പുനഃചംക്രമണത്തിന് ഒന്നാംതരം മാതൃകയാണ് അനിതയുടെ സംരംഭം. ഫാമിലെ പന്നിക്കോ പശുവിനോ മത്സ്യത്തിനോ തീറ്റ വാങ്ങാന്‍ 10 രൂപ പോലും താൻ ചെലവാക്കുന്നില്ലെന്ന് അനിത പറയുന്നു. എന്നാൽ, അവയ്ക്ക് യഥേഷ്ടം തീറ്റ നല്‍കുന്നുമുണ്ട്. വില നൽകാതെ ഈ തീറ്റയെത്തുന്നതോ, ഗോവയിലെ പത്തിലധികം സ്റ്റാർ ഹോട്ടലുകളിൽനിന്ന്. അവയിൽ ഏറെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍! അവിടങ്ങളിലെ അടുക്കള അവശിഷ്ടങ്ങൾ മാത്രമാണ് അനിതയുടെ പന്നിയും പശുവും മത്സ്യവും തീറ്റയാക്കുന്നത്. എന്നാലിതു കേരളത്തിൽ കിട്ടുന്ന ഹോട്ടൽ വേസ്റ്റ് പോലെയാണെന്നു കരുതരുത്. ഫാമിലെ വാഹനം ശേഖരിക്കാനെത്തുന്നതുവരെ ഹോട്ടലിലെ ഫ്രീസറിൽ സൂക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില്‍ പാചകാവശിഷ്ടമായ കോളിഫ്ലവറും മത്തങ്ങയും മുതൽ ഹോട്ടലിലെ അതിഥികൾ തൊടുകപോലും ചെയ്യാതെ ഉപേക്ഷിക്കുന്ന കേക്ക് കഷണങ്ങളും ബിരിയാണിയും ഐസ്ക്രീമും ഒക്കെയുണ്ടാവും. ഫ്രീസറിൽതന്നെ സൂക്ഷിക്കുന്നതിനാൽ ഇതു പലപ്പോഴും മനുഷ്യനുപോലും ഉപയോഗിക്കാവുന്ന നിലവാരമുള്ളതായിരിക്കും. പാകം ചെയ്തതും സസ്യജന്യവും അല്ലാത്തതുമായി തരം തിരിച്ച ഭക്ഷ്യവസ്തുക്കൾ ഏറ്റെടുക്കുന്നതിനു കലക്‌ഷൻ ഫീസും ഹോട്ടലുകളില്‍നിന്ന് അനിതയ്ക്കു നൽകാറുണ്ട്. അളവനുസരിച്ച് ഒരു മാസം 20,000 രൂപ നൽകുന്ന ഹോട്ടലുകൾ വരെയുണ്ടത്രെ.

loading
English Summary:

How a Malayalee Couple Transformed Hotel Leftovers into an Agricultural Goldmine in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com