‘സിസ്റ്റർ വക്കീലിന്റെ’ വെളിപ്പെടുത്തൽ: ‘മത്സരിക്കാൻ പാർട്ടി സമീപിച്ചു, മോദിയുടെ പരിപാടിയിലെ ക്ഷണവും നിരസിച്ചു’
Mail This Article
സുപ്രീം കോടതിയിൽ ഒരു മലയാളി കന്യാസ്ത്രീയുണ്ട്. കോടതികളിൽ വിരളമായ ‘സിസ്റ്റർ വക്കീൽ’; ഹൈദരാബാദിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസ് പ്രൊവിഡൻസിലെ അംഗവും കണ്ണൂർ സ്വദേശിയുമായ ജെസി കുര്യനാണത്. സിസ്റ്റർ ജെസി 19 വർഷമായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. നേരത്തേ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മിഷനിൽ അംഗമായിരുന്നു. ഹൈദരാബാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ജെസി ബാംഗ്ലൂർ സർവകലാശാലയിൽനിന്ന് 2005ലാണ് നിയമബിരുദം നേടിയത്. കോടതി ജീവനക്കാർക്കിടയിൽ ജെൻഡർ ബോധവൽക്കര ക്ലാസുകൾക്കും നേതൃത്വം നൽകി വരുന്നു. ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ പേര് ശ്രദ്ധേയമാകുന്നത് മറ്റൊരു കാരണത്താലാണ്. മേയ് 16നു നടക്കുന്ന സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് വ്യക്തമാക്കി ജെസി കുര്യൻ അഭിഭാഷക സുഹൃത്തുകളുടെ പിന്തുണ തേടിയിരുന്നു. സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസ് പ്രൊവിഡൻസിന്റെ അനുമതി കാത്തിരുന്ന അവർക്ക് പക്ഷേ നിരാശപ്പെടേണ്ടി വന്നു. കാനോനിക നിയമപ്രകാരം അഭിഭാഷക സംഘടനകളിൽ മത്സരിക്കുന്നതിനു വിലക്കില്ലെങ്കിലും അതിനോട് യോജിക്കുന്നില്ലെന്ന മറുപടി വന്നതോടെ അവർ മത്സരം ഉപേക്ഷിച്ചു.