ഓർമയില്ലേ അമ്മയുടെ ‘അരിക്കലം ബാങ്ക്’! ഈ സാമ്പത്തിക തന്ത്രങ്ങൾ അറിഞ്ഞാൽ ഒരമ്മയും വഴിയാധാരമാകില്ല
Mail This Article
നാലായി മടക്കിയ ഒരു പുത്തൻ നൂറു രൂപ. അക്കാലമത്രയും അരിക്കലത്തിൽ സൂക്ഷിച്ചുവച്ച ആ നോട്ട് ഒടുവിൽ അമ്മ പുറത്തെടുത്തു. നിങ്ങൾക്കുമില്ലേ ഇത്തരമൊരു അനുഭവം. അച്ഛനോട് പണം ചോദിച്ച് കിട്ടാതെ വന്നതാകാം. അല്ലെങ്കിൽ തികയാതെ വന്നതാകാം. യാത്രയിൽ പണം തികയാതെ വന്നപ്പോൾ ബ്ലൗസിനുള്ളിൽനിന്ന് മടക്കി എടുത്തു നൽകുന്ന അമ്മമാർ. അല്ലെങ്കിൽ സാരിത്തുമ്പിൽ കെട്ടിവച്ച ഒരു നോട്ട്... ആ പണം കൈമാറുന്ന ഓരോ വനിതയും പകരുന്നത് ഒരു വിശ്വാസം കൂടിയാണ്. ഒരിക്കലും തകരാത്ത ഒരു ‘ബാങ്കിന്റെ’ വിശ്വാസം. ആ ബാങ്കിന്റെ സ്വയം പ്രഖ്യാപിത മാനേജരാണ് ഓരോ അമ്മമാരും. പണം സൂക്ഷിച്ചു വയ്ക്കാൻ സ്ത്രീകൾക്കുള്ള കഴിവു തിരഞ്ഞാൽ ഇനിയും കിട്ടും ഉദാഹരണങ്ങൾ. പാൽ വിറ്റും പത്രം വിറ്റും കിട്ടുന്നതിൽ ഒരു പങ്ക് സൂക്ഷിച്ചു വയ്ക്കുന്ന ഗൃഹനാഥയ്ക്ക് എന്നും പക്ഷേ പഴിയാണ്, ഷോപ്പിങ്ങിന്റെ പേരിൽ. സ്ത്രീകളുടെ സാമ്പത്തിക സ്വതന്ത്ര്യത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന കാലഘട്ടമാണ്. പക്ഷേ, ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ സ്വയം സാമ്പത്തിക ഭദ്രതയിലേക്ക് എത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സ്ത്രീകൾ തന്നെയാണെന്നതാണ് വാസ്തവം. വരവറിഞ്ഞ് ചെലവഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ പലപ്പോഴും സ്വന്തം ആവശ്യങ്ങൾക്കുള്ള അല്ലെങ്കിൽ ഭാവിയിലേക്കുള്ള സാമ്പത്തിക ആസൂത്രണം മറന്നു പോകുന്ന സ്ത്രീകളേറെയാണ്. ആദ്യമായി അമ്മയാകുന്നവർ, സിംഗിൾ മദർ, പ്രായമായ അമ്മമാർ എന്നിവരെല്ലാം അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സാമ്പത്തിക ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. അമ്മമാർ ഉറപ്പായും ചെയ്തിരിക്കേണ്ട ആ സാമ്പത്തിക നടപടികളെക്കുറിച്ച് സാമ്പത്തിക വിദഗ്ധ ഉത്തര രാമകൃഷ്ണൻ സംസാരിക്കുന്നു.