കൃഷിയിറക്കാൻ നിലം വേണ്ട, വെള്ളവും ലാഭം! ശുഭയുടെ സ്മാർട് ഫാമിലുണ്ട് ലക്ഷങ്ങളുടെ ‘റെഡ് ഗോൾഡ്’
Mail This Article
പ്രായം 60 കഴിയുമ്പോൾ തന്നെ ഇനിയൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ് വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്നവർക്കു സാധ്യതകളുടെ ലോകം ഇനിയുമേറെ മുന്നിലുണ്ടെന്ന് തെളിയിച്ചു കൊടുക്കുകയാണ് ശുഭ ഭട്നാഗർ. 63 വയസ്സായി ശുഭയ്ക്ക്. പക്ഷേ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് പ്രായം തടസ്സമേയല്ലെന്ന് ജീവിതംകൊണ്ടുതന്നെ കാണിച്ചു കൊടുത്തു ഉത്തർപ്രദേശിലെ മെയിൻപൂർ സ്വദേശിനിയായ ശുഭ. ഒരു പുതിയ സംരംഭമായിരുന്നു ശുഭയുടെ മനസ്സിൽ. സംരംഭ താൽപര്യം വീട്ടിലറിയച്ചപ്പോൾ ആദ്യം എല്ലാവർക്കും ഞെട്ടലായിരുന്നു. പക്ഷേ സ്വപനത്തിനു ചിറകുകളായി കുടുംബം കൂടെ നിന്നതോടെ ‘ശുഭാവ്നി’ പിറന്നു. മകന്റെ മകളുടെ പേരായ ഭൂമി എന്നർഥമുള്ള ‘അവ്നി’ ‘ശുഭ’യോടു ചേർത്തായിരുന്നു സ്ഥാപനത്തിനു പേരിട്ടത്. എന്തായിരുന്നു ശുഭയുടെ സംരംഭ ആശയം? ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ശുഭയുടെ താൽപര്യം. ഗ്രാമത്തിലെ സ്ത്രീകളിൽ പലർക്കും പണമില്ലാത്തതിനാൽ അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാൻ പോലും കഴിയുന്നില്ല. വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതിനാൽ കുട്ടികൾക്ക് ചെറുപ്രായത്തിൽതന്നെ ജോലിക്കു പോകേണ്ടി വരുന്നു. കുട്ടികൾ ബാലവേല ചെയ്യുന്നതു, ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ശുഭയുടെ മനസ്സിനെ ഏറെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സംരംഭം എന്ന ആശയം മനസ്സിൽ മുളപൊട്ടിയപ്പോൾ അത് തനിക്കു ചുറ്റുമുള്ള സ്ത്രീകള്‍ക്ക് ഉപകാരപ്രദമാവുകയും അതുവഴി അവരുടെ ജീവിത നിലവാരമുയർത്തുകയും ചെയ്യുന്ന രീതിയിലായിരിക്കണം എന്നും തീരുമാനിച്ചു.