3 സെക്കൻഡിൽ നൂറും കടന്ന് പറക്കും... ലോക വിപണി വെട്ടിപ്പിടിക്കാൻ ഷഓമിയുടെ ‘അദ്ഭുത കാർ’; ഫോൺ പോലെ വില കുറയ്ക്കുമോ!
Mail This Article
ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിലേക്കൊരു ‘പാവ’മായി വന്നു ചക്രവർത്തി ആയ ബ്രാൻഡ് ആണ് ഷഓമി. ലെനോവോയുടെ കീഴിലുള്ള മോട്ടൊറോള ബ്രാൻഡ് ഇന്ത്യയിൽ സ്മാർട്ഫോൺ വിപ്ലവം ‘മോട്ടോ ജി’യിലൂടെ തുടങ്ങി വയ്ക്കുകയും മറ്റു പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകൾ അത് ഏറ്റെടുക്കുകയും ചെയ്ത കാലത്ത് ‘എംഐ 3’ എന്ന മിഡ്‌റേഞ്ച് സ്മാർട് ഫോണുമായാണ് ഷഓമി ഇന്ത്യയിൽ വരുന്നത്. അധികം വൈകാതെ അവർ റെഡ്മി നോട്ട് സീരീസ് ഇവിടെ അവതരിപ്പിച്ചു. പിന്നെ ‘റേസിങ് കാർ’ വേഗത്തിലായിരുന്നു ബ്രാൻഡിന്റെ കുതിപ്പ്. അന്നുതൊട്ടേ വേഗത്തിനോട് കമ്പനി സ്ഥാപകൻ ലെയ് ജുന്നിന് ഒരു അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ. ആൻഡ്രോയ്ഡ് അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഓപ്പറേറ്റിങ് സിസ്റ്റവും കൊടുക്കുന്ന പണത്തിനു മികച്ച ഹാർഡ്‌വെയറും ഉപഭോക്താക്കൾക്കു നൽകിയതോടെ സ്മാർട് ഫോൺ വിപണിയുടെ ‘മിഡ്റേഞ്ച്’ കുറച്ചുകാലത്തേക്കെങ്കിലും ഷഓമി അങ്ങെടുത്തു. ഇന്നും അവിടം തന്നെയാണു ഷഓമിയുടെ (ഉപസ്ഥാപനങ്ങളായ റെഡ്മി, പോകോ എന്നിവയുടെയും) തട്ടകം. ‘ചൈനയുടെ ആപ്പിൾ ഫോൺ’ എന്ന ചെല്ലപ്പേര് അതേപടി ഇന്ത്യ ഏറ്റെടുത്തില്ലെങ്കിലും ആളുകൾ അന്തസ്സോടെ ‘ഷഓമി ഫോൺ ആണ് എന്റേത്’ എന്നു പറയുന്ന നിലയിലേക്കു ചൈനീസ് നിലവാരത്തെ അവർ പുനർനിർമിച്ചു, ഒപ്പോയ്ക്കും വിവോയ്ക്കും മോട്ടൊറോളയ്ക്കും (ലെനോവോ) ഒപ്പം ചേർന്ന്... വൈകാതെ കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും അവർ സാന്നിധ്യം അറിയിച്ചു. സാംസങ്ങിനും സോണിക്കും ഒപ്പം ടിവികളിലും ഫിലിപ്സ് അടക്കി വാണ ട്രിമ്മർ വിപണിയിലും (പഴ്സനേൽ ഗ്രൂമിങ്) വരെ ഷഓമി അള്ളിപ്പിടിച്ചു കയറി.