അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നത് ഇരട്ടി വേഗത്തിൽ; കൊച്ചി എന്തിന് ആശങ്കപ്പെടണം? ‘ഡേയ്ഞ്ചർ ഐലൻഡ്സി’ലും ഇനി ശ്രദ്ധ
Mail This Article
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.