ഹോളിവുഡ് തേടിയ ‘സിറ്റിക്കുള്ളിലെ സിറ്റി’; സിനിമയിലേ ഉള്ളൂ ഈ റെയിൽവേ സ്റ്റേഷൻ; ആ നോവ് മാത്രം മാഞ്ഞില്ല മരണം വരെ
Mail This Article
വൻകിട പ്രോജക്ടുകള്‍ ഒരുക്കുന്നതില്‍ വൈദഗ്ധ്യമുള്ള നിർമാതാക്കളുടെ കേദാരമാണ് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി. സ്വാഭാവികമായും അവരില്‍ ഒരാള്‍ മാത്രമായി ഒതുങ്ങിപ്പോകേണ്ടയാളായിരുന്നു റാമോജിറാവു. എന്നാല്‍ ലോകം എക്കാലവും ഓര്‍മ്മിക്കുന്ന മഹത്തായ ചില അടയാളപ്പെടുത്തലുകള്‍ ബാക്കി വച്ചാണ് 87–ാം വയസ്സിൽ അദ്ദേഹം റീടേക്കില്ലാത്ത ജീവിതത്തോട് ‘പാക്ക് അപ്’ പറഞ്ഞു മടങ്ങുന്നത്. ഇന്ത്യൻ സിനിമാ ചിത്രീകരണത്തിന്റെ മുഖച്ഛായ മാറ്റിയ റാമോജിറാവു ഫിലിം സിറ്റിയുടെ സ്ഥാപകന്‍ വിടപറയുമ്പോൾ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കാലം കൂടിയാണ് ഓർമകളുടെ ‘ബ്ലാക്ക് ആൻഡ് വൈറ്റി’ലേക്ക് മാറുന്നത്. ‘ഐഡിയ ടു ഫസ്റ്റ്‌കോപ്പി’ എന്നതാണ് റാമോജിറാവു ഫിലിം സിറ്റിയുടെ മുഖ്യ ആകര്‍ഷണം. ഒരു സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന നിർമാതാവും സംവിധായകനും നേരെ റാമോജിറാവുവിലേക്ക് ചെന്നാല്‍ മതി. ഫൈനല്‍ ഔട്ടുമായി പുറത്തു വരാം എന്നതാണ് സ്ഥിതി. സ്‌ക്രിപ്റ്റ് ചർച്ചയ്ക്കുള്ള ഹോട്ടല്‍ റൂം മുതല്‍ ഫസ്റ്റ് കോപ്പി പ്രൊജക്‌ഷന്‍ സംവിധാനം വരെ അവിടെയുണ്ട്. ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഷൂട്ടിനു വേണ്ടിയുള്ള സെറ്റുകള്‍ അടക്കം. കർഷക കുടുംബത്തിൽ ജനിച്ച്, സ്വന്തം പ്രയത്നം കൊണ്ടുമാത്രം ഉയർന്നുവന്ന റാവുവിനോട്, ഇന്ത്യൻ സിനിമാ ലോകം എന്നും കടപ്പെട്ടിരിക്കും. കാരണം, അദ്ദേഹം കണ്ട സ്വപ്നമാണല്ലോ മറ്റനേകം പേർക്ക് സ്വപ്നം കാണാനുള്ള വഴിയൊരുക്കിയത്.