കണക്കുകളിൽ വിട്ടുവീഴ്ചയില്ല, തൊഴിലിലും; ആരെയും പിണക്കാഞ്ഞ ആർ.കൃഷ്ണയ്യർ
Mail This Article
കണക്കിലെ കളികൾ കണ്ടെത്താനുള്ള സ്വാമിയുടെ സിദ്ധി അദ്ഭുതാവഹമായിരുന്നു. അവിടെ അഡ്ജസ്റ്റ്മെന്റില്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ ‘സർക്കാരിനുള്ളത് സർക്കാരിന്, നിങ്ങൾക്കുള്ളത് നിങ്ങൾക്ക്’. വൻകിട സ്ഥാപനങ്ങളും കമ്പനികളും തുടങ്ങി സാധാരണക്കാരുടെ വരെ വരവുചെലവ് കണക്കുകൾ അദ്ദേഹം കൈകാര്യം ചെയ്തു. അവിടെ വലുപ്പച്ചെറുപ്പമില്ല. പിഴവ് കണ്ടാൽ അവിടെ പിടി വീഴും. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും. സ്വാമിയെ കണക്ക് ഏൽപിച്ചാൽ സമാധാനമായി ഉറങ്ങാമെന്ന് അടുപ്പക്കാർ പറയുന്നത് അതുകൊണ്ടാണ്. നികുതി വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യം അപാരമായിരുന്നു. വിൽപന നികുതി, ജിഎസ്ടി, ആദായ നികുതി തുടങ്ങിയ വിഷയങ്ങളിൽ വിവിധ ട്രൈബ്യൂണലുകളിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവു കാട്ടി. അതിനായി രാത്രി വൈകുംവരെ ഗൃഹപാഠം ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം നികുതിക്കേസുകൾ കൈകാര്യം ചെയ്തു.