എന്തിനാണ് അവർക്ക് ബാബയുടെ കാലിനടിയിലെ മണ്ണും കാറിനടിയിലെ പൊടിയും? ‘ആഡംബര ചതി’യിൽ വഞ്ചിക്കപ്പെടുന്ന പാവങ്ങൾ
Mail This Article
അമ്മയെയും ഭാര്യയെയും മകളെയും നഷ്ടപ്പെട്ട സോഖ്നയിലെ വിനോദ് കുമാർ. മുത്തശ്ശിയെ തേടി ഓടിയെത്തിയ അഭയ് സിങ്. സഹോദരിയെ കണ്ടെത്താൻ ആഗ്രയിലും അലിഗഡിലും ബോഗ്‌ലയിലും ഇറ്റയിലുമുള്ള ആശുപത്രികളിൽ ഓടിയെത്തിയ രാജേഷ് കുമാർ... 121 പേരുടെ മരണത്തിനിടയാക്കിയ പ്രാർഥനായോഗ ദുരന്തഭൂമിയിൽ ഇതുപോലെയുള്ള കണ്ണീർക്കുടുംബങ്ങൾ പലതുണ്ട്. ആൾദൈവങ്ങൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ, ഭോലെ ബാബ ഒരാൾ മാത്രമാണ്. ഹാഥ്റസിലേക്കുള്ള വഴിയിൽ നീളെ മറ്റ് ആൾദൈവങ്ങളുടെ ആശ്രമങ്ങളുണ്ട്, പരസ്യ ബോർഡുകളും. അപകടം ഉണ്ടായ മരവിപ്പിനു ശേഷവും, ബാബയെ പൂര്‍ണമായി തള്ളിപ്പറയാൻ ജനം തയാറായിട്ടില്ല. പൊറുക്കാനും ക്ഷമിക്കാനും അവർ തയാറാണ്. ബാബ ഒന്നും ചെയ്തിട്ടല്ലല്ലോ എന്ന് പിന്തുണയ്ക്കാനും. ആൾ ദൈവങ്ങൾ സമ്പന്നരായി പടർന്ന് പന്തലിക്കുമ്പോൾ, ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരിലേറെയും ദലിതരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമാണ് എന്നതുകൂടിയാണ് ഹാഥ്റസിന്റെ നേർച്ചിത്രം. ആൾദൈവങ്ങളുടെ ചൂഷണങ്ങളിൽ ഈ പാവപ്പെട്ടവർ വീണ്ടും വീണ്ടും വീണു പോകുന്നത് എന്തുകൊണ്ടാണ്?