സൂക്ഷിക്കണം ഇത്തരം കുളങ്ങൾ! ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഒടുവിൽ ചികിത്സയിൽ പ്രതീക്ഷ
Mail This Article
വൈദ്യശാസ്ത്രലോകം തന്നെ ഏറെ ആശ്വാസത്തോടെയാണ് ആ വിവരം ശ്രദ്ധിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നിലയിൽ പുരോഗതി. അതിലൊരാൾ വെന്റിലേറ്റർ സൗകര്യമില്ലാതെ ശ്വസിച്ചു തുടങ്ങി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാനും സാധ്യമായതരത്തിൽ ആരോഗ്യ നില ഉയർന്നു. മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സയിൽ ലോകത്തു തന്നെ ആശാവഹമായ വളർച്ചയിലേക്ക് ലോകം നീങ്ങുകയാണോ ? തലച്ചോറു തിന്നുന്ന അമീബ എന്ന പേരിൽ അറിയപ്പെടുന്ന നെഗ്ലേറിയ ഫൗളറി മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരം ലോകത്തു തന്നെ അപൂർവമാണ്. അതേ സമയം രോഗം വന്നാൽ രക്ഷപ്പെടുന്നത് അത്യപൂർവവും. ഇതുവരെ രക്ഷപെട്ടത് വിരലിൽ എണ്ണാവുന്നവർ മാത്രവും. 2016 ൽ ആദ്യമായി കേരളത്തിൽ ഈ മസ്തിഷ്ക ജ്വരം കണ്ടെത്തി. ഇതുവരെ രോഗം ബാധിച്ച 9 പേർ മരിച്ചു. ഈ വർഷം 5 പേർക്ക് രോഗബാധയുണ്ടായപ്പോൾ മൂന്നുപേരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അഴുക്കുവെള്ളത്തിൽ നിന്ന് മൂക്കിലൂടെ തലച്ചോറിൽ എത്തുന്ന അമീബ തലച്ചോർ തിന്നു നശിപ്പിക്കുന്നു. ഈ വർഷം ജർമനിയിൽ നിന്ന് പ്രത്യേകം മരുന്ന് എത്തിച്ചാണ് ചികിത്സ നടത്തുന്നത്.