ആത്മാക്കൾ മണ്ണിനടിയിൽ നിലവിളിച്ച രാത്രി: വെള്ളമില്ല, മരുന്നില്ല, ഉറ്റവർ വരെ ഭയന്നോടി: ഭീതിയുടെ ആ കോളറക്കാലം
Mail This Article
‘ഫീനിക്സ്’ എന്ന ഹൊറർ ചിത്രം കണ്ടവർ ഒരുപക്ഷേ ഞെട്ടിത്തരിച്ചു പോയ ഒരു രംഗമുണ്ട്. 1970കളിൽ കേരളത്തിൽ കോളറ പടർന്നുപിടിക്കുന്നതായിരുന്നു ചിത്രത്തിലെ ‘വില്ലൻ’. അന്ന് ഉറ്റവർ പോലും തിരിഞ്ഞു നോക്കാനില്ലാതെ പല കോളറ രോഗികളും വീടുകളിലും വഴിയരികിലും മരിച്ചു വീഴുന്നത് ചിത്രത്തിൽ കാണാം. പലരും മരിച്ചോ എന്നു പോലും ഉറപ്പിക്കാനാകാതെയായിരുന്നു മറവു ചെയ്തിരുന്നത്. മണ്ണിനടിയിൽ ഏതെങ്കിലും നിമിഷത്തിൽ ജീവൻ തിരിച്ചുവരുന്ന നിമിഷം മൃതദേഹങ്ങൾ പ്രാണഭയത്തോടെ കയ്യനക്കുമ്പോൾ ആ കയ്യില്‍ ഒരു കയർ കെട്ടിയിരുന്നു. പുറത്ത് അതുമായി ബന്ധിപ്പിച്ച് ഒരു മണിയും. രാത്രികളിൽ, പല ശ്മശാനങ്ങളിലും ആ മണിശബ്ദം കേട്ടിരുന്നതായി ചിത്രത്തിൽ പറയുന്നുണ്ട്. ശരീരം വിട്ടുപോകാത്ത ആത്മാക്കൾ അവസാനശ്വാസത്തിനു വേണ്ടി പിടയുന്നതിന്റെ, അവരുടെ നിലവിളികളുടെ ശബ്ദമായി മാറി ആ മണിയൊച്ചകൾ. അത് കഥയോ യാഥാർഥ്യമോ ആകട്ടെ, കോളറയെ ഭയന്ന് കേരളം ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് ആ രോഗത്തെ സംസ്ഥാനത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുമാറ്റാനായത്. തിരുവിതാകൂറിനും മലബാറിനുമുണ്ട് കോളറയുടെ ക്രൂരകഥകൾ പറയാനേറെ. അതോടൊപ്പം കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ഇന്നു കാണുന്ന മികവിലേക്ക് എത്തിക്കുന്നതിനും കോളറ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വലിയൊരിടവേളയ്ക്കു ശേഷം കോളറ കേരളത്തിലേക്കു തിരിച്ചെത്തിയത് ഞെട്ടലോടെയേ മലയാളികൾക്കു കേൾക്കാനാകൂ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസ്സുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. അതിനു മുൻപേ കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ മറ്റൊരു യുവാവ് മരിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന് കോളറയായിരുന്നില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതെല്ലാം നമ്മെ വീണ്ടും പതിറ്റാണ്ടുകൾക്കു മുൻപേയുള്ള കോളറക്കാലത്തെ ഓർമിപ്പിക്കുകയാണോ? എന്താണ് അന്ന് തിരുവിതാംകൂറിലും മലബാറിലും സംഭവിച്ചത്? ചരിത്രത്തിന്റെ ആ പേടിപ്പെടുത്തുന്ന കാലത്തിലേക്ക്...