കൊച്ചിയിൽ പിറന്ന ‘കേരള ബ്രാൻഡ്’ ലോക വിപണിയിലേക്ക്; ജോലി കളയില്ല, കാര്യക്ഷമത വർധിപ്പിക്കും; ഇനി ജെൻ എഐക്കാലം
Mail This Article
കൊച്ചിയിൽ പിറന്ന സോഫ്റ്റ്‌വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളുടെ ഡിജിറ്റൽ ഡിവൈസുകളിൽ ചേക്കേറുന്നതിൽ പുതുമയില്ല. പക്ഷേ, അതൊരു ആഗോള ടെക് ഭീമൻ കമ്പനിയുടേത് ആകുമ്പോഴോ? തീർച്ചയായും പുതുമയുണ്ട്. കാരണം, ഐബിഎം ആണ് ആ കമ്പനി. ഐബിഎമ്മിന്റെ കൊച്ചി ലാബിൽ വികസിപ്പിച്ച ‘കേരള ബ്രാൻഡ്’ സോഫ്റ്റ്‌വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളിലെത്തും! ‘‘കൊച്ചിയിലെ ഐബിഎം ലാബ് വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ലോകം മുഴുവൻ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു മന്ത്രി പി. രാജീവുമായി നേരത്തെ ചർച്ച ചെയ്തിരുന്നു. പൂർണമായി കൊച്ചിയിൽ നിർമിക്കുന്ന സോഫ്റ്റ്‌വെയറുകൾ! അവ ലക്ഷക്കണക്കിന് ആഗോള ഉപയോക്താക്കളിലെത്തും. അതൊരു വലിയ കാര്യമാണ്. ഇപ്പോൾ തന്നെ കൊച്ചി ലാബിൽ ഏതാനും സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചു കഴിഞ്ഞു. അവ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കളിലുമെത്തും. വലിയ നേട്ടമാണിത്! വാട്സൺ എക്സ് ഓർക്കസ്ട്രേറ്റ് പൂർണമായി കൊച്ചിയിലാണു വികസിപ്പിച്ചത്. വാട്സൺ എക്സ് ഡേറ്റ വികസിപ്പിച്ചതും കൊച്ചിയിൽ തന്നെ’’ – ഐബിഎം സോഫ്റ്റ്‌വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമലിന്റെ വാക്കുകളിൽ അഭിമാനം.