ഇടുക്കിയുടെ ലാഭം ഗ്വാട്ടിമാല തട്ടിയെടുക്കുമോ? ഇനി ‘പച്ച, നീല’ കീടനാശിനി മാത്രം; ഈ വർഷം ‘ലാഭം’ ശീലമാക്കാം
Mail This Article
വേനലിൽ ഉണങ്ങി നശിക്കും, മഴ കനത്താൽ അഴുകിപ്പോകും. തീർന്നില്ല. നല്ല വിലയുള്ളപ്പോൾ വിളവ് ഉണ്ടാവില്ല. നിറഞ്ഞു കായ്ക്കുമ്പോൾ വില നൽകില്ല. ഇതൊക്കെയാണ് ഏലം കർഷകർ നേരിടുന്ന വെല്ലുവിളികൾ. എങ്കിലും ഏലം ഇടുക്കിയുടെ ശീലമാണ്. അതിനു കാരണമുണ്ട്. ഒറ്റയടിക്ക് നിറയെ പണം കൈയിൽ വരും. ഇപ്പോൾ കിലോയ്ക്ക് 2000 രൂപയിലേറെ വിലയുണ്ട്. അതായത് 10 കിലോ ഏലം ഒരു സഞ്ചിയിലാക്കി കൊണ്ടുപോയി വിറ്റാൽ രൂപ 20,000 മടിയിലായി. 50 കിലോ കുരുമുളക് കൊടുത്താലും ഈ വില കിട്ടില്ല. അതുകൊണ്ടുതന്നെ കൈ നിറച്ചു പണം കിട്ടുന്ന ഏക കൃഷി ഏലം തന്നെയെന്ന യാഥാർഥ്യം തിരിച്ചറിയാവുന്ന കർഷകർ വീണ്ടും പുനർകൃഷിക്ക് തയാറെടുക്കുന്നതാണ് ഇടുക്കിയിലെ കാഴ്ച. രാജ്യാന്തര സുഗന്ധ ദ്രവ്യങ്ങളുടെ വിപണിയിൽ ഒന്നാമതാണ് ഏലത്തിന്റെ സ്ഥാനം. എന്നാൽ പോയ കാർഷിക വർഷം ഏലം കർഷകന് നൽകിയതിൽ സുഗന്ധവും ദ്രവ്യവും തുലോം കുറവാണെന്നു പറയാം. ഏലം കൃഷിയുടെ ഭാവി തന്നെ തുലാസിലെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. 2023ൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഏലം കടന്നു പോയത്. ഇനിയും പ്രതിസന്ധി തുടരുമോ? തുടർന്നാൽ ആ പ്രതിസന്ധി എങ്ങനെ കർഷകർ മറി കടക്കും. ഈ ചോദ്യങ്ങൾക്കും വേണം ഉത്തരം. വിലയും വിപണിയും മാത്രമല്ല ഏലത്തെ വലയ്ക്കുന്നത്. വിദേശ നാണ്യം കൊണ്ടു വരുന്നതിൽ മുന്നിലായ ഏലത്തിന്റെ ഭാവി ലേലത്തിനു വയ്ക്കണോ ?