‘വിഡ്ഢിത്തമാണ് കേരളത്തിലേക്ക് മടങ്ങുന്നത്’: ഒടുവിൽ ഹൃദയങ്ങൾ കീഴടക്കി മടക്കം: ഹൃദയങ്ങളുടെ ‘വല്യത്താണി’
Mail This Article
ഒരു കുഞ്ഞുപൂച്ച. അതിന്റെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം തുറന്നു ശസ്ത്രക്രിയ നടത്താനുള്ള ഗവേഷണം ഹാർവഡ് സർവകലാശാലയിൽ അമേരിക്കൻ ശസ്ത്രക്രിയാവിദഗ്ധൻ ഡോ. ജോൺ ഹെയ്ഷാം ഗിബ്ബൺ നടത്തുന്നു. ആ കാലത്ത് ഇങ്ങു കേരളത്തിൽ മാവേലിക്കരയിൽ മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ ജനിച്ചു. 1934 മേയ് 24ന്. 2 പതിറ്റാണ്ടിനുശേഷം 1953 മേയ് ആറിനു ഗിബ്ബൺ മനുഷ്യഹൃദയം തുറന്നു ലോകത്തെ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറി നടത്തുമ്പോൾ വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. ഹാർവഡിലും മാവേലിക്കരയിലും പിന്നെയും കാലത്തിന്റെ ഹൃദയം മാറിമാറി മിടിച്ചുകൊണ്ടിരുന്നു. 7 വർഷത്തിനുശേഷം 1960 ൽ ഫിലഡൽഫിയയിലെ ആശുപത്രിയിൽ ഗിബ്ബൺ മറ്റൊരു മനുഷ്യഹൃദയം തുറന്നു ശസ്ത്രക്രിയ ചെയ്യുമ്പോൾ അതാ തൊട്ടരികിൽ സഹായിയായി നിൽക്കുന്നു വല്യത്താൻ! ലോകത്ത് ആദ്യമായി ഹൃദയവാൽവ് വികസിപ്പിച്ച അമേരിക്കയിലെ ഡോ. ചാൾസ് എ.ഹഫ്നഗലിന്റെ ശസ്ത്രക്രിയാ മേശയ്ക്കരികിലും വല്യത്താനെത്തി; ഒപ്പം ശസ്ത്രക്രിയകൾ ചെയ്തു. പിന്നെ പഠിച്ചതെല്ലാം സ്വന്തം ഹൃദയത്തിലാക്കി പൂട്ടി ഭദ്രമാക്കി അദ്ദേഹം കേരളത്തിലേക്കു തിരികെ ‘കപ്പലോടിച്ചു’. ആ ഹൃദയം കേരളത്തിൽ തുറന്നുവച്ചപ്പോൾ വലിയൊരു പിറവിയുണ്ടായി– ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.! ഉഡുപ്പിയിൽ, ചിതയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരത്തോടൊപ്പം മലയാളിയുടെ ആ വിലപ്പെട്ട ഹൃദയവും എരിഞ്ഞടങ്ങി. അപ്പോഴേക്കും പേരിനൊപ്പമുള്ള എംഎസ് എന്ന രണ്ടക്ഷരം മറ്റൊരു പൂർണരൂപം പ്രാപിച്ചിരുന്നു: മെഡിക്കൽ (എം) സയൻസ് (എസ്) വല്യത്താൻ!