ആ 26 സെക്കൻഡിൽ എല്ലാം തീർന്നു; ട്രംപിനെ ലക്ഷ്യമിട്ടത് മൊസാദോ ‘ഡീപ് സ്റ്റേറ്റോ’? രഹസ്യങ്ങൾ ഒളിപ്പിച്ച് ‘ആന്റിഫാ’യും
Mail This Article
അതൊരു ഹോളിവുഡ് ത്രില്ലറിലെ രംഗം പോലെയായിരുന്നു. വേദിയിൽ യുഎസിന്റെ മുൻ പ്രസിഡന്റ്. തിരഞ്ഞെടുപ്പു റാലിയിൽ, മുന്നിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തോട് ആവേശത്തോടെ സംസാരിക്കുകയാണ് അദ്ദേഹം. പെട്ടെന്നു വെടിയൊച്ചകൾ മുഴങ്ങുന്നു. മുൻ പ്രസിഡന്റ് പെട്ടെന്നു പോഡിയത്തിന്റെ മറവിലേക്കു കുനിയുന്നു. അംഗരക്ഷകർ അദ്ദേഹത്തെ പൊതിയുന്നു. അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്ന ഒരു അനുയായി കോറി കംപറേറ്റർ വെടിയേറ്റു വീഴുന്നു. യുഎസ് സീക്രട്ട് സർവീസിന്റെ സ്നൈപർമാർ അക്രമിയെ വെടിവച്ചു വീഴ്ത്തുന്നു. ഇതെല്ലാം വെറും 26 സെക്കൻഡിനുള്ളിലാണ് നടന്നത്. ഡോണൾഡ് ട്രംപിന്റെ വലതു ചെവിയുടെ മുകളിലുരഞ്ഞാണ് ഒരു വെടിയുണ്ട കടന്നുപോയത്. സുരക്ഷാ ഭടന്മാരുെട വലയത്തിൽ വേദിയിൽനിന്നു പോകുമ്പോൾ, ട്രംപിന്റെ കവിളിൽ ചോര പടർന്നിരുന്നു. ജനക്കൂട്ടത്തെ നോക്കി മുഷ്ടി ചുരുട്ടി ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്നു പറഞ്ഞു കൊണ്ടാണ് ട്രംപ് വേദിയിൽനിന്നിറങ്ങിയത്. യുഎസ്എ, യുഎസ്എ എന്നാർത്തുവിളിച്ച് ആൾക്കൂട്ടം അദ്ദേഹത്തിന് പിന്തുണയറിയിച്ചു. യുഎസിന്റെ മുൻ പ്രസിഡന്റും നിലവിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ, കനത്ത സുരക്ഷാവലയത്തിലുള്ള ഒരാളുടെ നേർക്ക് സാധാരണക്കാരനായ, ക്രിമിനൽ റെക്കോർഡ് ഇല്ലാത്ത, വീട്ടുകാർക്കും നാട്ടുകാർക്കും നല്ല അഭിപ്രായം മാത്രമുള്ള തോമസ് മാത്യു ക്രൂക്ക്സ് എന്ന 20 വയസ്സുകാരൻ എന്തിനു വെടിയുതിർത്തു? വധശ്രമത്തെ അതിജീവിച്ച ട്രംപ് ഹീറോ പരിവേഷത്തോടെ നിൽക്കുമ്പോൾ, വെടിവയ്പിന്റെ പേരിൽ യുഎസിലും ലോകമെമ്പാടും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും ചൂടുപിടിക്കുകയാണ്. അതിനിടെ, വധശ്രമം തടയുന്നതിൽ യുഎസ് സീക്രട്ട് സർവീസ് പരാജയപ്പെട്ടെന്ന വിമർശനത്തിനു പിന്നാലെ ഡയറക്ടർ കിംെബർലി ചീറ്റൽ രാജിവയ്ക്കുകയും ചെയ്തു. യഥാർഥത്തിൽ പക്ഷേ ആരാണ് വില്ലൻ?