മരണത്തിന്റെ നാവുനീട്ടിയെത്തിയ ‘സൂനാമി’: വീടിന്റെ തറ മാത്രം ബാക്കി; ഞെട്ടിക്കും ഗംഗാവലിയുടെ മറുകരയിലെ കാഴ്ചകൾ
Mail This Article
ഒരു പ്രകൃതി ദുരന്തത്തിന്റെ വേദനകളും ദുരിതങ്ങളും ഗംഗാവലി നദിയുടെ ഇരുകരകളിലും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഒരുവശത്ത് മണ്ണ് മൂടിയ ദേശീയപാതയിലെ രക്ഷാപ്രവർത്തനങ്ങൾ. അവിടെ നദിയിൽ, മലയാളിയായ അർജുനെ തേടി മനസ്സു നിറയെ ഉത്കണ്ഠയും പ്രതീക്ഷയുമായി പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർ. മറുവശത്ത് ഉൾവരെ എന്ന പ്രദേശം. അവിടെയും ദുരന്തക്കാഴ്ചകൾ വ്യത്യസ്തമായിരുന്നില്ല. കർണാടക അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ ഉൾവരെയിലേക്ക് വെള്ളം ഇരച്ചെത്തിയത് സൂനാമി പോലെയായിരുന്നു. ആ തീരത്തുമുണ്ടായിരുന്നു സ്വപ്നംകൊണ്ട് വീടുകെട്ടി ജീവിച്ചിരുന്ന മനുഷ്യർ. മണ്ണിടിഞ്ഞ കരയും മറുകരയായ മാടങ്കേരി ഉൾവരെയും തമ്മിൽ ഏകദേശം അഞ്ഞൂറ് മീറ്ററിലധികം ദൂരമേയുള്ളൂ. പ്രദേശത്തെ ആറിലേറെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറിയെത്തിയത്. ആ വെള്ളം നദിയിലേക്ക് തിരികെയിറങ്ങിയപ്പോൾ ഒഴുക്കിൽ ഇല്ലാതായത് ഒട്ടേറെ പേരുടെ സ്വപ്നങ്ങളായിരുന്നു. ജീവനും ജീവിതവും തകർക്കപ്പെട്ട ആ ഭൂമിയിൽ മനുഷ്യർ നിർത്താതെ കരയുന്നു. വീട് നഷ്ടപ്പെട്ടവർ, പുഴയിൽ നഷ്ടപ്പെട്ട ഉറ്റവരെ കണ്ടെത്താൻ കഴിയാത്തവർ... ദുരന്തത്തിന്റെ നടുക്കം ഇപ്പോഴും ആ മുഖങ്ങളിൽ മഴക്കാറു പോലെ ഇരുണ്ടു നിൽക്കുന്നുണ്ട്. ഗംഗാവലി നദിയുടെ ഇരുകരകളിലെയും ദുരന്തക്കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഇരു പ്രദേശങ്ങളിലും സഞ്ചരിച്ച് മലയാള മനോരമ ഫൊട്ടോഗ്രാഫർ അഭിജിത് രവി പകർത്തിയ ചിത്രങ്ങളിലൂടെ...