ഹോട്ടൽ ജോലിക്ക് ക്ഷയരോഗിയായ 'അതിഥി'; പ്രമേഹക്കാരിൽ മരണസാധ്യത 4 മടങ്ങ്; പ്രതീക്ഷ 'സ്റ്റെപ്സിൽ'
Mail This Article
സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്.