‘ഉരുള്‍’ എത്തും മുൻപേ ഉച്ചത്തിൽ ആ മുന്നറിയിപ്പ്, നേപ്പാൾ രക്ഷിച്ചത് അഞ്ഞൂറോളം ജീവൻ: അത് വയനാട്ടിലും ഉണ്ടായിരുന്നെങ്കിൽ...
Mail This Article
ചെറിയൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിൽ വയനാട്ടിലെ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു, ഇത്രയും മരണം കാണേണ്ടിവരില്ലായിരുന്നു. കോടാനുകോടി പ്രകാശവർഷം അകലെ നടക്കുന്ന സംഭവവികാസങ്ങൾ പോലും അറിയുകയും പഠിക്കുകയും ചെയ്യുന്ന നമുക്ക് തലയ്ക്കു മുകളിൽനിന്ന് ഒരു ദുരന്തം കുത്തിയൊലിച്ചു വരുന്നത് മുൻകൂട്ടി കാണാൻ സാധിക്കാതെ പോയല്ലോ? ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയും പുരോഗമിച്ചിട്ടും പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ മനുഷ്യൻ ഇന്നും നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരുന്നു; എത്ര ദൗർഭാഗ്യകരം! കൃത്യസമയത്ത് മുന്നറിയിപ്പുകൾ ലഭിച്ചാൽ ഒരുപരിധി വരെ എല്ലാ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാൻ സാധിക്കും. എന്നാൽ, ശാസ്ത്ര സാങ്കേതിക ലോകം ഇത്ര വളർന്നിട്ടും പല മുന്നറിയിപ്പ് സംവിധാനങ്ങളും കേരളം ഉൾപ്പെടെയുള്ള മിക്ക സ്ഥലങ്ങളിലും ലഭ്യമല്ല എന്നതാണ് വസ്തുത. എന്നാൽ ലഭ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ടുതാനും. നേപ്പാളാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. 2018 ഓഗസ്റ്റിൽ, കനത്ത മൺസൂൺ മഴ കാരണം നേപ്പാളിൽ അതിഭീകരമായ മണ്ണിടിച്ചിൽ ഭീഷണിയുണ്ടായിരുന്നു. എന്നാൽ വലിയൊരു പ്രകൃതി ദുരന്തം മുന്‍കൂട്ടി പ്രവചിക്കാനും ജനങ്ങളെ കൃത്യസമയത്ത് പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാനും പുതിയൊരു സംവിധാനത്തിലൂടെ അന്ന് നേപ്പാൾ സർക്കാരിന് സാധിച്ചു. മഴ കനത്തപ്പോൾ തന്നെ മുന്നറിയിപ്പ് ലഭിച്ചു, പ്രദേശത്തു നിന്നെല്ലാം ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. അന്ന് ഏകദേശം 500 പേരുടെ ജീവനാണ് മുന്നറിയിപ്പ് സംവിധാനത്തിലൂടെ രക്ഷിക്കാനായത്. എന്തായിരുന്നു ആ സംവിധാനം? മണ്ണിടിച്ചിൽ പ്രവചിക്കുന്നത് ഏറെ സങ്കീർണമാണെങ്കിലും നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഒരുപരിധി വരെ ജനങ്ങളെ രക്ഷിക്കുമെന്നാണ് നേപ്പാളിൽ നിന്നുള്ള അനുഭവം നമ്മോടു പറയുന്നത്. എന്നിട്ടും കേരളം എന്താണ് അതുൾപ്പടെയുള്ള മാർഗങ്ങൾ പരീക്ഷിക്കാതിരുന്നത്? ദുരന്തങ്ങൾ തടയാൻ ശാസ്ത്രത്തിന്റെ കൈപിടിക്കേണ്ട സമയം അതിക്രമിച്ചില്ലേ?